28/12/2024
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും ആരാധനകളുടെ സർവ്വ അംശങ്ങളും അവന് മാത്രം സമർപ്പിക്കുകയും ചെയ്യുകയെന്ന തൗഹീദാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ. സന്നിഗ്ധ ഘട്ടത്തിലും അല്ലാത്തപ്പോഴും നമ്മുടെ പ്രാർത്ഥനകൾ മറ്റാരിലേക്കും സമർപ്പിക്കാതിരിക്കുക എന്നത് തൗഹീദിന്റെ ഏറ്റവും മർമ്മ പ്രധാനമായ ഭാഗമാകുന്നു. പ്രാർത്ഥനകൾ അവനല്ലാത്തവരിലേക്ക് തിരിച്ചു വിട്ടാൽ അതിന് പറയുന്ന പേരാണ് ശിർക് അഥവാ അല്ലാഹുവിൽ പങ്ക് ചേർക്കൽ. അതാവട്ടെ പശ്ചാതപിച്ചു മടങ്ങിയില്ലെങ്കിൽ ഒരിക്കലും പൊറുക്കപ്പെടാത്ത മഹാ പാപവുമാണ്.
മഹാന്മാരോടുള്ള ആദരവ് ആരാധനയിലേക്കും അവരോട് പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്കും വഴിമാറിയപ്പോഴാണ് മനുഷ്യരിൽ ആദ്യമായി ശിർക്ക് കടന്നു വന്നത്.സമൂഹത്തിൽ ജീവിച്ച് മരിച്ച് പോയ അഞ്ച് നല്ല മനുഷ്യരോട് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ ജനങ്ങൾ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ അവരെ ശുദ്ധമായഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാൻ വേണ്ടി അല്ലാഹു നൂഹ് നബിയെ(അ) നിയോഗിച്ചു.തുടർന്നിങ്ങോട്ടുള്ള മുഴുവൻ പ്രവാചകന്മാരുടെയും ചരിത്രം പഠിക്കുമ്പോൾ ഇത്തരമവസ്ഥകൾ കാണാൻ പറ്റും.
മുഹമ്മദ് നബി (സ) നിയോഗിക്കപ്പെട്ട സമൂഹത്തിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അല്ലാഹുവിനെ പൂർണ്ണമായും നിഷേധിച്ചവരായിരുന്നില്ല അവർ, എന്നാൽ അല്ലാഹുവിന്റെ അസ്ഥിത്വം ഭാഗികമായി അംഗീകരിക്കുകയും തങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും മാറാൻ മരിച്ചു പോയവരോട് കൂടി പ്രാർത്ഥിക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു അവർക്കുണ്ടായിരുന്നത്. അവരെയും ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യരെയും വിശ്വാസ-കർമ്മരംഗത്ത് ശുദ്ധീകരിക്കാൻ വേണ്ടിയാണ് പ്രവാചകൻ(സ) അയക്കപ്പെട്ടത്.
യാതൊരു പാപവും ചെയ്യാത്ത പ്രവാചകനോട് പോലും അല്ലാഹു ഉണർത്തുന്നത് കാണുക,
"തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും."
പ്രാർത്ഥന അല്ലാഹുവോട് മാത്രം
വിസ്ഡം യൂത്ത്
ആദർശ മുഖാമുഖം
നാളെ കൊച്ചിയിൽ