13/12/2023
ഏകദേശം ഒരു വർഷം മുൻപാണ് ആ പയ്യൻ എന്റെ പരിശോധന മുറിയിൽ എത്തിയത്.🧑⚕️ കൊറിയൻ ഡ്രാമയിലൊക്കെ കാണും പോലെ ഒരു ഭംഗിയുള്ള പയ്യൻ. സ്കൂൾ കുട്ടി ആവുമെന്നാണ് കരുതിയത്. 25 വയസ്സുള്ള ഐ ടി ജോലിക്കാരൻ🧒🏻.
കക്ഷിക്ക് തോളിനു വേദന, കഴുത്തു വേദന, തല വേദന, പുറം വേദന അങ്ങനെ ആകെ മൊത്തം വേദന.
സ്വന്തമായി ഒരു വലിയ ഫയലും ഉള്ളിൽ നിറയെ റിപ്പോർട്സും ഉണ്ട്. X-ray, MRI, CT ഉൾപ്പടെ എല്ലാ ടെസ്റ്റുകളും ചെയ്തിട്ടുണ്ട്. മൂന്നാല് വർഷമായി പ്രശ്നങ്ങൾ തുടങ്ങിയിട്ട്. പല ചികിത്സകളും ചെയ്തു. മസിൽ പെയിൻ ആണ്. സാരമില്ല. കാര്യമാക്കണ്ട എന്ന് പലരും പറഞ്ഞത്രേ. ഇപ്പോൾ മിക്ക ആളുകൾക്കും ഇതൊക്കെ ഉണ്ടുപോലും. കട്ടു കഴയ്ക്കുന്ന വേദനയെ ഗൗനിക്കാതിരിക്കാൻ പറ്റണ്ടേ ഡോക്ടറെ എന്ന് രോഗിയും.
ശീതീകരിച്ച ഓഫീസ് മുറിയിലിരുന്നാണ് ജോലി.🥶 വിട്ടുമാറാത്ത മൂക്കടപ്പും ഉണ്ട്. ആവി പിടിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ എന്ന് അവൻ ചോദിക്കുന്നു.
തലയിൽ എണ്ണ ഒന്നും വയ്ക്കുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. സിൽക്ക് പോലത്തെ മുടിയിൽ വിരൽ കടത്തി കുടഞ്ഞു കൊണ്ട് ഇല്ല എന്ന് പറഞ്ഞു ചിരിച്ചു ആ പയ്യൻ. എണ്ണയൊക്കെ വച്ചാൽ ഇങ്ങനെ സ്റ്റൈൽ ആയിട്ട് മുടി ഇടാൻ പറ്റുമോ😉. കഴുത്തിന്റെ കശേരുക്കളിൽ ഉണ്ടാവുന്ന തേയ്മാനവും വീക്കവും മൂലം ഉണ്ടാവുന്ന സർവിക്കൽ സ്പോൺടൈലോസിസ് എന്ന അസുഖം ആണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.
അപ്പോഴത്തെ നീർക്കെട്ടും വേദനയും മാറാൻ ചെറിയ മരുന്നുകൾ കൊടുത്തു. തലയിൽ വച്ചു കുളിക്കാൻ എണ്ണ കൊടുത്തപ്പോൾ അവൻ സങ്കടത്തോടെ മുടിയിൽ വിരലോടിച്ചു.
എണ്ണ വച്ചിട്ട് അര മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞോളാൻ പറഞ്ഞപ്പോൾ ഒരു ചിരി😁.
ആധുനികതയുടെ ഭാഷ കൊണ്ട് വായിക്കാനാവാത്ത പലതും ആയുർവേദം കൊണ്ട് വായിക്കാനാകും. ആ പ്രശ്നങ്ങൾക്ക് ഇവിടെ പരിഹാരവുമുണ്ട്🤗.
ആഹാരപഥ്യവും, ശീതികരിച്ച മുറിയിലിരുന്നു ജോലി ചെയ്യുന്നത് കൊണ്ടും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും അല്പം വ്യായാമവും നിർദ്ദേശിച്ചു.
പിന്നെയും പല തവണ അവൻ വന്നു. ഓരോ തവണയും ആശ്വാസമുണ്ടെന്ന് പറഞ്ഞു. പിന്നെ ആളെ കാണാതായി. ഞാൻ പതിയെ അവനെ മറന്നു.
അനിയത്തിക്ക് വീണ്ടും ഇതേ പ്രശ്നം എന്നും പറഞ്ഞാണ് ആളെത്തിയത്. വീട്ടുകാർ കൊച്ചിനെ ഏതോ പ്രമുഖ വൈദ്യന്റെ അടുത്ത് കൊണ്ടുപോയി. മൂപ്പര് രണ്ടാഴ്ച തിരുമ്മിയത്രേ.😆 കിട്ടാനില്ലാത്തതും വിലപിടിപ്പുള്ളതുമായ മരുന്നുകൾ ചേർത്ത എന്തോ വലിയ കിഴി ഒക്കെ ചെയ്തു പോലും🙆. ഒരു ദിവസം വാങ്ങിയ പൈസ കേട്ടിട്ട് കണ്ണ് തള്ളി. അവളുടെ ചേട്ടന് ആകെ മൊത്തം ചികിത്സക്ക് അത്ര പണം ചിലവായിട്ടുണ്ടാവില്ല.😳
ഒരു ഡോക്ടർ ഒരു ടെസ്റ്റ് ചെയ്യാനോ മരുന്ന് കഴിക്കാനോ പറഞ്ഞാൽ ആയിരം സംശയങ്ങൾ ചോദിക്കുന്നവർ ഏതെങ്കിലും മുറി വൈദ്യൻ പറയുന്നതൊക്കെ കണ്ണും പൂട്ടി അനുസരിക്കും.
രണ്ടു ഗുളികകൾ കൊടുത്തപ്പോൾ അലർജി ഉണ്ടാകുമോന്ന്, കണ്ടെന്റ്സ് എന്തൊക്കെയാണെന്ന്, എണ്ണ വയ്ക്കാൻ പറഞ്ഞപ്പോ മുടി കൊഴിയുമോന്ന്!
കലികാലം അല്ലാതെന്ത്!😫
ഈ വ്യാജ വൈദ്യൻമാരുടെ അടുത്ത് പോയി, ചക്ക വീണു മുയൽ ചത്തത് പോലെ ആർക്കെങ്കിലും രോഗം കുറഞ്ഞാൽ പിന്നത് അത്ഭുത രോഗശാന്തി കേന്ദ്രമായി മാറുകയാണ്. പ്രബുദ്ധത കൊട്ടി ഘോഷിക്കുന്ന മലയാളിക്ക് ഇത്തരം തട്ടിപ്പുകളിൽ പോയി വീഴാൻ യാതൊരു മടിയുമില്ല താനും.😎
പറ്റിക്കപ്പെടാൻ തയ്യാറായി ഒരു സമൂഹം ഇവിടെ അലസരായി കാത്തിരിക്കുമ്പോൾ വ്യാജന്മാർ തങ്ങളുടെ സിദ്ധികൾ പുറത്തെടുക്കുക തന്നെ ചെയ്യും. രണ്ടു കഷ്ണം താളിയോലയും കാവി വസ്ത്രവും നീണ്ട താടിയുമുണ്ടെൽ ആർക്കും വൈദ്യൻ ആകാവുന്ന അവസ്ഥ. അതാണ് മാറേണ്ടത്. യോഗ്യതയുള്ളവരുടെ അടുത്ത് പോകാൻ ഓരോരുത്തരും തയ്യാറാകണം. വ്യാജന്മാരുടെ അടുത്തു പോയി പറ്റിക്കപ്പെട്ടിട്ട് ശാസ്ത്രത്തെ കുറ്റം പറയുന്നതിൽ ഒരു കാര്യവുമില്ല. യഥാർത്ഥ ശാസ്ത്രം പ്രയോഗിക്കാനറിയുന്നവന്റെ അരികിൽ പോവുകയാണ് വേണ്ടത്.
പക്ഷേ ഒന്നുണ്ട്, യഥാർത്ഥ ആയുർവേദത്തിന്റെ ഗുണം ഒരിക്കൽ മനസ്സിലായാൽ പിന്നെ ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ടി വരില്ല.👍🏻
ഒറിജിനലിനെക്കാൾ വ്യാജൻമാർ വാഴുന്ന ഈ അണ്ഡകടാഹത്തിൽ ഇവരെ തിരിച്ചറിയുന്നതോ കഠിന കഠോരം ...🙏
✍️ Dr.Salini C. K
Health and Healing Talks