11/06/2026
*അമിതമായ അളവിൽ മധുരം കഴിക്കുന്നുണ്ടോ?; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്*
മധുരമിഷ്ടമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. പഞ്ചസാരയെന്നത് നിത്യജീവിതത്തിൽ പലർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. മധുരം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും പലർക്കും കഴിയില്ല. പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ ആരോഗ്യം വഷളാക്കും. എന്നാൽ, എത്ര അളവ് പഞ്ചസാരയാണ് അമിതമെന്ന് നമുക്കറിയില്ല. ഇപ്പോഴിതാ, അമിതമായ പഞ്ചസാര ഉള്ളിലേക്കെത്തിയാൽ ശരീരം തന്നെ അതിന്റെ ലക്ഷണങ്ങൾ കാണിക്കുമെന്ന് പറയുകയാണ് ഫിറ്റ്നസ് കോച്ച് ഭാവിക്ക പട്ടേൽ. ഈ ലക്ഷണങ്ങളെ കുറിച്ച് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റും അവർ പങ്കുവെച്ചു.
*1. ഊർജത്തിലുണ്ടാകുന്ന വ്യത്യാസം*
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സ്ഥിരതയില്ലാത്തതാണ് ഊർജ്ജം സ്ഥിരമായി നിലനിർത്താൻ പലരും പാടുപെടുന്നതിന്റെ കാരണം. ഇതിനായി, കാർബോഹൈഡ്രേറ്റിനൊപ്പം ധാരാളം പ്രോട്ടീനും നാരുകളും കഴിക്കുക.
*2. പഞ്ചസാരയോടുള്ള ആസക്തി*
പഞ്ചസാര അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാൻ കൊതിയുണ്ടാകുക. തലച്ചോറിന്റെ റിവാർഡ് സെന്ററിനെ മധുരം സജീവമാക്കുന്നു. അതിനാൽ, നമ്മൾ സമ്മർദ്ദത്തിലോ ക്ഷീണത്തിലോ ആയിരിക്കുന്ന സാഹചര്യങ്ങളിൽ മധുരം കഴിക്കണമെന്ന് നാം ആഗ്രഹിക്കുന്നു.
*3. മുഖക്കുരു*
ഹോർമോൺ സംബന്ധമായ മുഖക്കുരുവുള്ളവരെ സംബന്ധിച്ച് പഞ്ചസാര അതിനെ വഷളാക്കും. താടിയെല്ലിന് ചുറ്റുമുള്ള മുഖക്കുരു ഇതിന്റെ ലക്ഷണമാണ്. സംസ്കരിച്ച ലഘുഭക്ഷണങ്ങൾ കുറയ്ക്കുന്നത് ചർമത്തെ സഹായിക്കും.
*4. ഉറക്കത്തെ ബാധിക്കും*
രാത്രി വൈകി മധുരം കഴിക്കുന്നത് കോർട്ടിസോൾ, മെലാറ്റോണിൻ എന്നിവയെ തടസ്സപ്പെടുത്തുകയും അതുവഴി ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാൽ, രാത്രിയിൽ ഫൈബറും, പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മികച്ച ഉറക്കത്തിന് നല്ലത്.