Dr. Venu Thonnakkal

Dr. Venu Thonnakkal Tips to attain better physical and mental health

.                      ഡോ.വേണു തോന്നയ്ക്കൽ      അപ്പം പങ്കുവയ്ക്കാൻ പഠിയ്ക്കാം                  ബാലവേല അതിക്രൂരവും നിന്ദ...
09/09/2026

.
ഡോ.വേണു തോന്നയ്ക്കൽ
അപ്പം പങ്കുവയ്ക്കാൻ പഠിയ്ക്കാം

ബാലവേല അതിക്രൂരവും നിന്ദ്യവും നിഷിദ്ധവുമാണ്. പരിഷ്കൃത സമൂഹത്തിൽ ബാലവേലയെ കുറിച്ച് ഓർക്കുന്നത് പോലും പരിഹാസ്യമാണ്.
മാതാപിതാക്കളുടെ ലാളനയേറ്റ് കളിച്ചും ചിരിച്ചും പഠിച്ചും വളരേണ്ട പ്രായത്തിൽ ഹോട്ടലുകളിൽ എച്ചിൽ ഇല പെറുക്കിയും ഭക്ഷണ മേശ തുടച്ചും എച്ചിൽ പാത്രങ്ങൾ കഴുകിയും അന്യരുടെ ഉച്ഛിഷ്ടം കഴിച്ചും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടും കുട്ടികൾ കഴിയുകയാണ്. അവരുടെ സ്വപ്നങ്ങളിൽ നിറമുള്ള പൂക്കൾ വിരിഞ്ഞില്ല. അവൻ്റെ ഇരുൾ വിരിച്ച ഓർമകളിൽ വയർ നിറയെ ഭക്ഷണം കണ്ടില്ല. സമാന പ്രായക്കാർ ഒരു പലകയും പിടിച്ച് പുൽവിരിച്ച മൈനാത്ത് തലങ്ങും വിലങ്ങും വിക്കറ്റിനായി ഓടുമ്പോൾ വിശന്നു കരയുന്ന പെങ്ങൾക്കായി ഒരു കഷണം ബിസ്‌കറ്റ് തെരയുകയാണവൻ്റെ ബാല്യം.
തൻറെ പ്രായത്തിലുള്ള കുട്ടികൾ നല്ല ഭക്ഷണം കഴിച്ചും നല്ല വസ്ത്രങ്ങൾ ധരിച്ചും പുസ്തക സഞ്ചികളുമായി നഗരത്തിലെ മുന്തിയ സ്കൂളുകളിൽ പോകുമ്പോൾ അവർ ഹോട്ടലുകളിലും മറ്റും പണിയെടുത്ത് നഗരത്തിലെ അഴുക്ക് ചാളകളിൽ കഴിയുകയാണ്.
ചിലർ തെരുവുകളിൽ പിച്ചയിരക്കുന്നത് കാണാം. മോഷണം തൊഴിലാക്കിയവരും കുറവല്ല. ഇവരാരും പഠിക്കാൻ മോശക്കാരോ ബുദ്ധിയില്ലാത്ത കുട്ടികളോ അല്ല. എന്തുകൊണ്ട് ഇവർക്ക് വിദ്യാഭ്യാസവും മറ്റു ജീവിത സാഹചര്യങ്ങളും നിഷേധിയ്ക്കപ്പെട്ടു.
രാഷ്ട്രവികസനത്തിൽ ക്രിയാത്മകമായി പങ്കുചേരേണ്ടതിലേക്ക് പരിശീലനം ലഭിക്കേണ്ട സുവർണ കാലമാണ് ഇവ്വിധത്തിൽ നഷ്ടമാവുന്നത്. രാജ്യത്തിൻറെ വികസനത്തിൽ പങ്കാളിയാവാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ഇവരൊക്കെ ചെന്നെത്തപ്പെടുന്നത് രാഷ്ട്ര വികസനത്തിന് തുരങ്കം വയ്ക്കുന്ന കുറ്റകൃത്യങ്ങളും സാമൂഹ്യ ദ്രോഹവും തൊഴിലാക്കിയ ചെറുതും വലുതുമായ സംഘങ്ങളിലേക്കാണ്.
കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ച് ലാഭം കൊയ്യുന്ന മാഫിയ സംഘങ്ങൾ വരെ നമ്മുടെ നഗരങ്ങളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കാവും വിധമല്ല അവരെ കൊണ്ട് ഇത്തരക്കാർ പണിയെടുപ്പിക്കുന്നത്.
ഉണ്ണാനുമുറങ്ങാനും സമയം നൽകാതെ അവരെ കഷ്ടപ്പെടുത്തുകയാണ്. ചെയ്യുന്ന പണിക്ക് തക്ക പ്രതിഫലം നൽകുന്നുമില്ല. ഒരു മുതിർന്ന വ്യക്തി ചെയ്യുന്ന അത്രയും ജോലിയാണ് ഈ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്.
ഇവർക്ക് പോഷക സമൃദ്ധമായ ഭക്ഷണമോ നല്ല വസ്ത്രമോ വേണ്ടത്ര വിശ്രമമോ നൽകുന്നില്ല. ഇവരുടെ ആരോഗ്യ കാര്യങ്ങളിൽ കൂടി വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. മാത്രമല്ല കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
മുതിർന്നവരെ ജോലിക്ക് വയ്ക്കുകയാണെങ്കിൽ അവർക്ക് അർഹമായ ശമ്പളം കൊടുക്കണം. നിശ്ചിത സമയത്തു മാത്രമേ അവർ പണിയെടുക്കുകയുള്ളൂ. തൊഴിൽ ദാതാവിന് തന്റെ ഇഷ്ടം പോലെ അവരെ മേയാൻ പറ്റുകയുമില്ല.
എന്നാൽ ശംബളമോ ഭക്ഷണമോ വിശ്രമമോ നൽകാതെ കുട്ടികളെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. മാത്രമല്ല തങ്ങൾക്ക് തോന്നും മാതിരി അവരെ പീഡിപ്പിക്കുന്നവരുമുണ്ട്. ഇത്തരം ചൂഷണങ്ങൾക്കെതിരെ കുട്ടികൾക്ക് എന്ത് ചെയ്യാനാവും. അവർ ആരോടാണ് താങ്കളുടെ ദുഃഖം പറയുക.
ഇന്ത്യൻ നഗരങ്ങളിലെ മിക്ക ഹോട്ടലുകളിലും ചെറിയ കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട്. നിരന്തരം അത്തരം കാഴ്ചകൾക്ക് ഞാൻ സാക്ഷിയാവാറുണ്ട്. നിങ്ങളും അവ്വിധം വേല ചെയ്യുന്ന കുട്ടികളെ കണ്ടിരിക്കുന്നു.
ബാലവേലയ്ക്ക് എതിരെ ഇവിടെ നിയമങ്ങളുണ്ട്. കുട്ടികളെ വേലയ്ക്ക് ഉപയോഗിക്കുന്നവരെ ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്. എന്നിട്ടുമെന്തേ ബാലവേല ഇവിടെ അനവരതം തുടരുന്നു.
ബാലവേലയ്ക്ക് കുട്ടികളെ പ്രേരിപ്പിക്കുന്ന രക്ഷിതാക്കളെ നമുക്ക് വെറുപ്പാണ്. അവരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാവും നമ്മുടെ അഭിപ്രായം.
ബാലവേലയ്ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരെ നാം ധാരാളമായി കണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ പ്രഗൽഭരും പ്രശസ്തരുമായ അനവധി പേരുണ്ട്. എന്നിട്ടുമെന്തേ താൻ ഭക്ഷണം കഴിച്ച എച്ചിൽ പാത്രം എടുക്കുന്ന ഒരു ബാലകന്റെ നേരെ ദയയുടെയും കനിവിന്റെയും ഒരു നോക്ക് കണ്ടില്ല. എന്തുകൊണ്ട് അതിനെതിരെ പ്രതികരിച്ചില്ല.
ബാലവേല എന്ന് ഇവിടെ വിവക്ഷിക്കുന്നത് കുട്ടികൾ സ്വന്തം വീട്ടിലെ പണികൾ ചെയ്യുന്നതല്ല. കുട്ടികൾ പണി ചെയ്യുന്നത് ഒരു മോശപ്പെട്ട കാര്യം എന്ന് എനിക്കഭിപ്രായമില്ല. പണി ചെയ്യാൻ വീട്ടിൽ പണിക്കാർ ഉള്ളപ്പോഴും കുട്ടികൾ തങ്ങൾക്കാവും വിധം പണികൾ ചെയ്ത് വളരണം. എന്നാൽ മാത്രമേ കുട്ടികൾ സാമൂഹ്യ ബോധമുള്ള, കർത്തവ്യ ബോധമുള്ള, ഉത്തമ പൗരന്മാരായി വളരുകയുള്ളൂ. അത്യാവശ്യം ജീവിത സൗകര്യമുള്ള പല വീടുകളിലും കുട്ടികളെ കൊണ്ട് സ്വന്തം തുണി അലക്കാനോ അടുക്കി വയ്ക്കാനോ ഉറങ്ങുന്ന മുറി ഒന്നടിച്ചു വാരാനോ ശീലിപ്പിയ്ക്കാറില്ല. എൻ്റെ വീട്ടിൽ പണിക്കു വരുന്ന സ്ത്രീ സ്വന്തം മകളെ കൊണ്ട് യാതൊരു പണിയും ചെയ്യിപ്പിയ്ക്കില്ലായെന്ന് അഭിമാനത്തോടെ പറയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതേ പ്രായമുള്ള എൻ്റെ മകൾ അത്യാവശ്യം സ്വന്തം ഭക്ഷണം ഉണ്ടാക്കുന്നതുൾപ്പെടെ വീട്ടുപണികൾ ചെയ്യും.
അത്തരമൊരു ബാലവേലയെ കുറിച്ചല്ല ഇവിടെ പറയുന്നത്. സ്വന്തം ബാല്യകാലം നിഷേധിക്കപ്പെടുകയും സ്കൂൾ വിദ്യാഭ്യാസം നൽകാതെ കഠിന വേലകൾക്ക് നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന കുട്ടികളുണ്ട്. ഇവിടെയാണ് ബാലവേല എന്ന പദം അർത്ഥവത്താവുന്നത്. കുട്ടികൾ സ്വമേധയാ ഇത്തരം പണികൾ ചെയ്യുകയല്ല. അവർ അതിലേയ്ക്ക് നിർബന്ധിയ്ക്കപ്പെടുകയാണ്.
ബാലവേലയ്ക്ക് വിധിക്കപ്പെട്ട പഠിത്തത്തിൽ മിടുക്കനായ ഒരു കുട്ടിയെ എനിക്കറിയാം. അവനെ നമുക്ക് രവി എന്ന് വിളിക്കാം.
വളരെ യാദൃശ്ചികമായിട്ടാണ് ഒരു ചായക്കടയിൽ വച്ച് ഞാൻ അവനെ കണ്ടത്. എന്നെ കണ്ടപാടെ അവൻ ഒളിക്കാൻ ശ്രമിച്ചു. ഞാനവനെ കയ്യോടെ പിടിച്ചു. അന്ന് അവൻ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. പഠിക്കാൻ മാത്രമല്ല പ്രസംഗ കലയിലും പൊതുവിജ്ഞാനത്തിലും അവൻ മിടുക്കനാണ്.
ക്ലാസ്സിൽ പോവാതെ പണിയെടുത്ത് നടക്കുന്നതിനാൽ ഞാൻ അവനെ വഴക്കു പറഞ്ഞു. പണിയെടുത്തു കിട്ടുന്ന പണം കൊണ്ട് വൃത്തികെട്ട ശീലങ്ങളിലേക്ക് കടക്കുന്ന കുട്ടികളെ എനിക്കറിയാം. അത്തരത്തിൽ ഒരാളായി രവിയെ കാണരുതെന്ന് എനിക്ക് നിർബ്ബന്ധമുണ്ടായിരുന്നു.
രവിയുടെ ഉത്തരം എൻറെ വായടപ്പിച്ചു. പണിയെടുത്ത് പഠിച്ചു മിടുക്കരായ ലോക പ്രശസ്തരായ ചിലരുടെ പേരുകൾ അവൻ എന്നോട് പറഞ്ഞു. ഈ ചെറിയ പ്രായത്തിൽ പോലും ഈ വക വിഷയങ്ങളിൽ അവന് അറിവുണ്ടെന്ന ചിന്ത എന്നെ അത്ഭുതപ്പെടുത്തി.
പുസ്തകം വാങ്ങാനും യൂണിഫോമിനുമാണ് കടയിൽ പണിയെടുക്കുന്നതെന്ന് അവൻ പറഞ്ഞു. പുസ്തകവും യൂണിഫോമും വാങ്ങാനുള്ള പണം ഞാൻ നൽകി. ഇനി പണിക്ക് പോകരുതെന്ന് വിലക്കുകയും ചെയ്തു. ഇനിമേൽ പഠനാവശ്യങ്ങൾക്ക് വേണ്ട പണം തന്നു കൊള്ളാമെന്ന് ഉറപ്പും നൽകിയാണ് ഞാൻ മടങ്ങിയത്.
ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞു കാണും. നഗരത്തിലെ ഒരു മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരിക്കവേ എനിക്ക് മുഖപരിചയം തോന്നുന്ന ഒരു ബാലൻ എനിക്ക് മുന്നിലെ മേശ വൃത്തിയാക്കുന്നത് കാണാനിടയായി.
രവി. എന്നെ കണ്ടയുടനെ അവൻറെ കണ്ണുകൾ നനഞ്ഞു. അവനെ അടുത്ത് വിളിച്ച് ഞാൻ സംസാരിച്ചു. അവൻ എന്നോട് ഇതുവരെ പറഞ്ഞത് കളവായിരുന്നു എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.
രവിയുടെ അച്ഛൻ അന്ധനാണ്. ഒരു വാഹന അപകടത്തിൽ പെട്ട് കാലുകൾക്ക് പരിക്ക് പറ്റിയ അദ്ദേഹം കിടപ്പിലാണ്. അമ്മ നേരത്തെ മരിച്ചു പോയിരുന്നു. സ്കൂളിൽ പഠിക്കുന്ന ഒരു കുഞ്ഞു പെങ്ങൾ രവിക്കുണ്ട്. വീട്ടു വേല മുഴുവൻ ചെയ്തിട്ടാണ് കുഞ്ഞു പെങ്ങളെയും കൂട്ടി അവൻ സ്കൂളിൽ പോയിരുന്നത്. സഹായിക്കാനായി കാര്യമായി ആരുമില്ല. സഹായിയ്ക്കാനെത്തുന്നവർ എത്ര ദിവസം സഹായിയ്ക്കും. സഹായം പലപ്പോഴും പ്രസംഗത്തിൻ്റെ രൂപത്തിലോ ചാനലുകളുടെ മുന്നിൽ വേദനിയ്ക്കുന്നവൻ്റെ കണ്ണീരൊപ്പുന്ന വീഡിയോ ചിത്രമായിട്ടോ ആവും വരിക.
പട്ടിണിക്കാരെ കാണണമെങ്കിൽ പാവപ്പെട്ടവൻ്റെ സർക്കാരാശുപത്രികളിൽ പോകണം. ഔഷധത്തിന് കുറിപ്പടി നൽകിയ ഡോക്ടർ രോഗിയുടെ നിസ്സഹായാവസ്ഥ കണ്ട് മരുന്ന് വാങ്ങാൻ പണവും കൊടുത്തു. അടുത്ത ദിവസം രോഗിയെ സന്ദർശിച്ച ഡോക്ടർ രോഗമെങ്ങനെയുണ്ട് മരുന്നു കഴിച്ചല്ലോ എന്ന് അന്വേഷിച്ചു. മരുന്നു വാങ്ങി. കഴിച്ചില്ല. ഭക്ഷണത്തിന് ശേഷം മരുന്നു കഴിയ്ക്കാനല്ലേ ഡോക്ടർ പറഞ്ഞത്. ഭക്ഷണം കഴിയ്ക്കാൻ കഴിഞ്ഞില്ലത്രേ. അതാണ് പട്ടിണി. മനുഷ്യ സ്നേഹമുള്ള ഏതൊരു ഡോക്ടർക്കും പറയാൻ ഇത്തരം അനുഭവ കഥകൾ ഉണ്ടാവും. നാം ദാരിദ്ര്യമുക്തരാണെന്നാവും പറയാൻ പോവുക. വേണ്ട. നമ്മുടെ നാട്ടിൽ ഇന്നും പട്ടിണിയുണ്ട്.
നമുക്ക് പ്രധാന വിഷയത്തിലേയ്ക്ക് വരാം. ആരൊക്കെ സഹായിച്ചാലും അതിന് പരിധി ഉണ്ടല്ലോ. സർക്കാർ ഏജൻസികളും പൊതുജന സംഘടനകളും ബന്ധുക്കളും സഹായ ഹസ്തങ്ങളുമായി എത്തിയെന്നു വരാം. അത്ര തന്നെ. പലപ്പോഴും സഹായം വാക്കിലും പരസ്യങ്ങളിലുമായി ഒതുങ്ങുകയല്ലേ പതിവ്.
രവിക്ക് എങ്ങനെ പഠിക്കാനാവും എന്ന് നിങ്ങൾ തന്നെ പറയുക. അവൻ പഠിക്കാൻ പോയാൽ സ്വന്തം വീടിൻറെ അവസ്ഥ പരിതാപകരമാവും. ഒരു കുടുംബം മുഴുവനും പട്ടിണി കിടന്ന് മരിക്കേണ്ടി വരും. അതിനേക്കാൾ നല്ലതല്ലേ ബാലവേല എന്ന രവിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഒരു കുടുംബത്തിൻറെ മുഴുവൻ ഭാരവും അവൻറെ ശിരസിലാണ് എന്ന് ഓർക്കുക.
ബാലവേല ചെയ്യുന്നവരിൽ ഏറിയ പേരും ഇത്തരം കുടുംബ പ്രാരാബ്ധങ്ങൾ അനുഭവിക്കുന്നവരാവും. ഇതൊരു സാമൂഹ്യ വിപത്താണ്. ബാലവേലക്കെതിരെ പ്രസ്താവനകളിറക്കുകയും നിയമങ്ങളുണ്ടാക്കുകയും ചെയ്യുന്നതൊഴിച്ചാൽ ഒരു കുട്ടി ബാലവേലയിലേക്ക് നയിക്കപ്പെടുന്ന സാഹചര്യത്തിനെതിരെ നാം എന്തു ചെയ്തു. അതേക്കുറിച്ച് എപ്രകാരം പഠിച്ചു. എത്ര കണ്ടു ചിന്തിച്ചു.
എന്തേ നാവുറങ്ങിപ്പോയോ?
നാം ആരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കുന്നില്ല. നാം നമ്മെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. നമ്മുടെ സുഖ ജീവിതത്തിനും ആവശ്യങ്ങൾക്കുമായി മാത്രം ഓരോന്നു ചെയ്യുന്നു.
നിയമങ്ങളും പരിശീലന കളരികളും (work shop) ചർച്ചകളുമായി നാം ധനം ചെലവിടുകയാണ്. അതുകൊണ്ടെന്ത് മെച്ചം. ആർക്കുണ്ട് നേട്ടം.
കുഞ്ഞന് കഞ്ഞി കുമ്പിളിൽ തന്നെ.
ആരെയും താങ്ങാതെ വേല ചെയ്തു ജീവിക്കാനാവും എന്ന് തെളിയിച്ച രവിയോട് എനിക്ക് ബഹുമാനം തോന്നി.
ഈ സാമൂഹ്യ വിപത്തിനെതിരെ അലറി കരയാൻ ആഗ്രഹിച്ച എന്റെ നാവ് പൊന്തിയില്ല. അത്രമേൽ ദു:ഖം മനസ്സിൽ തളം കെട്ടി നിന്നിരുന്നു.
ചേരിയിലും ചാളയിലും പിന്നെയും കുഞ്ഞുങ്ങൾ ജനിച്ചു. അവരെ നോക്കി കൊഞ്ഞനം കുത്താൻ നാം മറന്നില്ല. അപ്പോഴും ഭരണകൂso ശീതീകരിച്ച മുറികളിൽ അപ്പം പങ്കുവയ്ക്കാൻ പഠിക്കുകയായിരുന്നു.

                           ഡോ. വേണു തോന്നയ്ക്കൽ                                      പുതിന          സുഗന്ധ വ്യഞ്ജനമായും ...
08/09/2026


ഡോ. വേണു തോന്നയ്ക്കൽ
പുതിന

സുഗന്ധ വ്യഞ്ജനമായും ഔഷധമായും ഏറെ പ്രശസ്തമാണ് പുതിന. പാചകക്കൂട്ടുകളിൽ വ്യാപകമായി ഉപയോഗിക്കുന്നു.
മൂന്നടിയോളം (30cm-40cm) ഉയരത്തിൽ വളരുന്ന ഒരു സുഗന്ധ ഓഷധിയാണിത് (aromatic herb). സസ്യം സമൂലം ഔഷധഗുണമുള്ള താണെങ്കിലും ഇതിന്റെ ഇലയാണ് പാചകത്തിനും ഔഷധമായും ഉപയോഗിക്കുന്നത്. അരികിൽ പല്ലുകളുള്ള (serrated) ഇലകളാണ്. ഏതാണ്ട് 3 സെന്റീമീറ്റർ വീതിയും 5 സെന്റീമീറ്റർ നീളവുമുണ്ടാവും.
സ്പിയർ മിന്റ് (spear mint) എന്നാണ് ഇംഗ്ലീഷിൽ പേര്. ലാറ്റിൻ ഭാഷയിൽ മിൻഥ് (minthae) എന്നറിയപ്പെടുന്നു. മെൻത സ്പികേറ്റ (Mentha spicata) എന്നാണ് ശാസ്ത്രനാമം. മെൻത ജീനസി@ൽ (genus Mentha) ലാമിയേസീയാണ് കുടുംബം (family Lamiaceae).
മെൻത അർവെൻസിസ് (Mentha arvensis), മെൻത വിറുഡിസ് (Mentha virudis) അഥവാ ഗാർഡൻ മിന്റ്(garden mint), മെൻത പെെപെറിറ്റ (Mentha piperita) അഥവ പെപ്പർ മിന്റ് (pepper mint), മെൻത സിൽവെസ്ട്രിസ് (Mentha silverstris) അഥവ ഹോഴ്സ് മിന്റ്(horse mint) എന്നിവയും സ്പിയർ മിന്റിനൊപ്പം സുഗന്ധ വ്യഞ്ജനമായും ഔഷധമായും ഉപയോഗിക്കുന്ന ഇനങ്ങളാണ്. ധാരാളം സങ്കരയിനങ്ങൾ വൻതോതിൽ കൃഷി ചെയ്യുന്നു.
യൂറോപ്പും ഏഷ്യയുമാണ് ജന്മദേശം. ലോകമെമ്പാടും വളരുന്നു. ആഫ്രിക്ക, ഇൻഡൊനേഷ്യ എന്നിവിടങ്ങളിലാണ് വൻതോതിൽ കൃഷി ചെയ്യുന്നത്.
ഇന്ത്യയിൽ പരക്കെ എല്ലായിടത്തും കാണപ്പെടുന്നുവെങ്കിലും കാശ്മീർ, ഹിമാലയ പ്രദേശങ്ങൾ, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ പുതിന ഇനങ്ങൾ നന്നായി വളരുന്നു.
പുതിനയുടെ ജനനത്തെ കുറിച്ച് ഒരു ഗ്രീക്ക് കഥയുണ്ട്. പുൽട്ടൊ ദേവന്റെ (Pulto god) പ്രേമഭാജനമായിരുന്നു മിൻഥ് ദേവത (Minthae goddess). പുൾട്ടൊവിന്റെ പത്നിയും ധന ദേവതയുമായ പെർസെഫനി (Persephone) ക്ക് അതത്ര സുഖിച്ചില്ല. അവർ തന്റെ ഭർത്താവിൻറെ കാമുകിയായ മിൻഥ് ദേവതയെ ശപിച്ച് ഒരു ഓഷധിയാക്കി. അങ്ങനെ സ്വർഗ്ഗ ലോകത്തു നിന്നും ദേവത ഭൂമിയിൽ പിറന്നു.
സ്വർഗ്ഗ ലോകത്തു നിന്നും ഭൂമിയിൽ പിറന്ന ചെടിയാകയാൽ ഇതിൽ ധാരാളം ഔഷധ മാത്രകളും പോഷക മൂല്യവും അടങ്ങിയിരിക്കുന്നുവത്രേ. മനുഷ്യൻറെ ഭാവന ഏതെല്ലാം തലങ്ങളിലൂടെ സഞ്ചരിക്കുന്നു എന്ന് നമുക്ക് ഈ കഥയിൽ നിന്നും മനസ്സിലാക്കാം.
പുതിനയിൽ ജീവകങ്ങളും (vitamins) ധാതു ലവണങ്ങളും (minerals) ധാരാളമായി അടങ്ങിയിരിക്കുന്നു. ധാതു ലവണങ്ങളിൽ പ്രധാനം കാൽസ്യം (Ca) ആണ്. കൂടാതെ ഫോസ്ഫറസ് (P), ഇരുമ്പംശം (Fe) എന്നീ ധാതു ലവണങ്ങളും ജീവകം ബി.കോംപ്ലക്സ്, ജീവകം സി, ജീവകം ഡി, ജീവകം ഈ, എന്നീ വൈറ്റമിനുകളും ഉണ്ട്.
ലോകമെമ്പാടും ഇത് ഉപയോഗിക്കുന്നു. പുരാതന കാലം മുതൽക്കേ പുതിനയുടെ ഔഷധ ഗുണം അറിയാമായിരുന്നു. പ്രാചീന റോമാക്കാർക്കും ഗ്രീക്കുകാർക്കും പുതിന ഏറെ പരിചിതമായിരുന്നു.
ഗ്രീക്ക് ഫിസിഷ്യനായ Saufarsats പുതിനയിൽ പല തരത്തിലുള്ള കാർമിനേറ്റീവ് (carminative) ഔഷധങ്ങൾ തയ്യാറാക്കി ഉപയോഗിച്ചിരുന്നതായി വൈദ്യ ചരിത്രം (medical history) പറയുന്നു.
ഗ്രീക്ക് ഔഷധ വിധികളിൽ മാത്രമല്ല അറേബ്യൻ ചികിത്സാ വിധികളിലും പുതിനയുടെ ഗുണം രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ചൈനയും ജപ്പാനും ഈ ചെടിയുടെ ഔഷധ ഗുണം മനസ്സിലാക്കുകയും പല രോഗങ്ങൾക്കും ഔഷധമായി പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിൻറെ ഇല ചവയ്ക്കുകയാണെങ്കിൽ നവോന്മേഷം അനുഭവപ്പെടുന്നു. വായ് ശുദ്ധീകരണത്തിന് ഭക്ഷണത്തിനു ശേഷം പുതിനയില ചവയ്ക്കുക. വായ് നാറ്റമകറ്റി കുളിർമയും സുഖവും പ്രദാനം ചെയ്യുന്നു.
ഇതിലെ ചില ജൈവരാസ തന്മാത്രകൾ ഉമിനീർ ധാരാളമായി ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. തന്മൂലമാണ് ഇത് ചവയ്ക്കുമ്പോൾ വായ്നാറ്റം ഇല്ലാതാവുന്നത്.
ഭക്ഷണത്തിന് രുചി കുറവുള്ളവരും വിശപ്പില്ലായ്മ അനുഭവിക്കുന്നവരും ഇത് ചവയ്ക്കുകയാണെങ്കിൽ പൂർവാധികം രുചിയോടെ വിശപ്പ് മടങ്ങി വരും.
വായുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. മോണരോഗങ്ങൾ ഇല്ലാതാക്കുകയും ദന്തക്ഷയത്തിന് തീർപ്പു കൽപ്പിക്കുകയും ചെയ്യുന്നു. മോണകൾക്കും പല്ലുകൾക്കും ബലം വർധിപ്പിക്കുന്നു.
ടൂത്ത് പേസ്റ്റുകളിൽ പുതിന ഒരു ചേരുവയാണ്. പുതിന ചേർക്കുന്നതിന്റെ രഹസ്യം ഇപ്പോൾ മനസ്സിലായി കാണുമല്ലോ. പുതിന ചേർത്ത ടൂത്ത് പേസ്റ്റ് പരസ്യങ്ങളിൽ മോഡലുകൾ വായുടെ സുഗന്ധത്തിൽ ഭ്രമിച്ചു തുള്ളുന്നത് കണ്ടിരിക്കുമല്ലോ. പുതിന സമൂലം പൊടിച്ചത് ദന്തചൂർണമായി ഉപയോഗിച്ചിരുന്നു.
കണ്ഠ ശുദ്ധിക്ക് പുതിന നീര് നന്നാണ്. അതിനാൽ ഗായകർ ഇത് ശീലമാക്കുന്നത് ഗുണം ചെയ്യും.
പുതിന ഒരു അടുക്കള വൈദ്യനാണ്. ഉദര പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ആൾ കേമനാണ്. പുതിന നീര് നാരങ്ങ നീരും തേനും ചേർത്ത് കഴിക്കുന്നത് ദഹനക്കുറവ്, വായുകോപം, വയറു പെരുക്കം, വയറു വേദന, വയറുകടി, വിശപ്പില്ലായ്മ എന്നിവയ്ക്ക് ഫലപ്രദമായ ഔഷധമാണ് എന്ന് നാട്ടു വൈദ്യം. പുതിന നീര് ചേർത്ത കാർമിനേറ്റീവുകളും ലഭ്യമാണ്.
കരളിൻറെ ആരോഗ്യത്തിന് പുതിന നല്ലതാണ്. വൃക്കകൾ, മൂത്രസഞ്ചി, എന്നിവിടങ്ങളിലെ കല്ല് (calculus) അലിയിച്ച് കളയാൻ പുതിന നീര് ഫലപ്രദമത്രേ.
ആസ്ത്‌മ, ബ്രോങ്കൈറ്റിസ് (bronchitis), കഫക്കെട്ട്, തുടങ്ങിയ ശ്വാസകോശ രോഗമുള്ളവർ പുതിന നീരും കാരറ്റ് നീരും തേനും ചേർത്ത് കഴിക്കുന്നതു നന്നത്രേ. കഫം പുറത്തു കളയാൻ ഇത് സഹായിക്കുമെന്ന് നാട്ടുവൈദ്യം പറയുന്നു.
പുതിന നീര് ചർമ്മാരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണം ചെയ്യും. മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും. മുഖക്കുരു ശല്യം ഇല്ലാതാക്കാനും പ്രാണിക്കുത്ത്, ചർമ്മ രോഗങ്ങൾ, എന്നിവക്കെതിരെയും ഇത് ഉപയോഗിക്കുന്നുണ്ട്.
പുരാതന കാലത്ത് പുതിനയില ഗർഭനിരോധന ഔഷധമായി ഉപയോഗിച്ചിരുന്നുവത്രേ. തണലിൽ ഉണക്കി പൊടിച്ച പുതിനയില സംഭോഗത്തിന് തൊട്ടു മുമ്പ് കഴിക്കണം. ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഒരു പ്രാചീന പ്രയോഗമായി മാത്രം കാണുക. പരീക്ഷണത്തിന് ശ്രമിച്ച് അബദ്ധത്തിൽ ചാടരുത്. പുരാതന കാലത്തും ജനം ഗർഭനിരോധനത്തെ കുറിച്ച് ചിന്തിച്ചിരുന്നു ഈ ഔഷധ പ്രയോഗം നമ്മോട് പറയുന്നു.
പുതിനയിലയിലും ചെടിയുടെ പുഷ്പമഞ്ജരിയിലും (inflorescence) സുഗന്ധമുള്ള ബാഷ്പശീല തൈലം (volatile oil) അടങ്ങിയിരിക്കുന്നു. പുതിന പുഷ്പിക്കുന്ന കാലത്ത് അതിന്റെ ഇലയും പൂവും വാറ്റി (distillation) തൈലമെടുക്കുന്നു. ഈ തൈലത്തിൽ നാല് ശതമാനം വരെ മെന്തോൾ (menthol) അടങ്ങിയിട്ടുണ്ട്. ബാഷ്പശീല തൈലം കൂടാതെ പശയും (gum) ടാനിനും (tannin) ലഭ്യമാണ്.
മെൻതോൾ അമ്ലസ്വഭാവമുള്ള (acidic) ഒരു ജൈവരാസ തന്മാത്ര (organic molecule) യാണ്.
2-ഐസോപ്രോപെെൽ 5 - മീതൈയിൽ സൈക്ലോഹെക്സനോള്‍ (2- isopropyl 5-methyl cyclohexanol) എന്നാണ് അന്തർദേശീയ തലത്തിൽ അറിയപ്പെടുന്നത് (IUPAC name). C10H20O യാണ് തന്മാത്ര ഫോർമുല.
മുറിയുടെ താപനിലയിൽ (room temperature) മെഴുകു പോലുള്ള വെള്ള ക്രിസ്റ്റലീയ (waxy clear white
crystal) പദാർത്ഥമാണിത്.
36 - 38 ഡിഗ്രി സെൽസിയസ് ഊഷ്മാവിൽ ഉരുകി ദ്രാവകാവസ്ഥയിലെത്തുന്നു. ദ്രാവകാവസ്ഥയിലുള്ള മെന്താളിനെയാവും പലർക്കും പരിചയം.
പുതിനയില ഒന്നു മണത്തു നോക്കുക. രൂക്ഷവും വ്യത്യസ്തവുമായ ഒരു സുഗന്ധം അനുഭവപ്പെടും. ഇല ഞരടി മണപ്പിക്കുകയാണെങ്കിൽ അത് കൂടുതൽ വ്യക്തമാകും. സുഗന്ധത്തിന് കാരണം അതിൽ അടങ്ങിയിട്ടുള്ള മെൻതോൾ ആണ്. ഇത് നല്ലൊരു ദാഹശമനിയാണ്. കൂടാതെ ഉദര വ്രണങ്ങൾ കരിയാനും മെൻതോൾ സഹായിക്കുന്നു.
തൈലം ചൂടു വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതു മൂലം ദഹനക്കുറവ്, വയറുവേദന, ഛർദ്ദി, വയറിളക്കം, എന്നീ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കുന്നു.
ശരീര വേദന, സന്ധിവേദന, പേശി വേദന, കൊടിഞ്ഞി (migraine), ഉളുക്ക് (sprain), നാഡീ സംബന്ധമായ വേദനകൾ (neuropathic pains), എന്നീ രോഗാവസ്ഥകൾക്ക് പുതിന തൈലം പരിഹാരമാവുന്നു.
മെന്തോൾ ചേർത്ത് ധാരാളം ലേപനങ്ങൾ (ointments)
ഉണ്ടാക്കുന്നുണ്ട്. ഇവ ചർമത്തിൽ വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ ആശ്വാസം ലഭിക്കും. മാത്രമല്ല ചർമ്മത്തിൽ പുരട്ടുമ്പോൾ നല്ല തണുപ്പും അനുഭവപ്പെടും.
ജലദോഷം, മൂക്കടപ്പ്, എന്നിവ ഉള്ളപ്പോൾ മെന്തോൾ ആവി എടുക്കുന്നത് നല്ലതാണ്. മെന്തോൾ ജെൽകാപ്സൂളുകൾ ലഭ്യമാണ്. അവ പൊട്ടിച്ച് ചൂടു വെള്ളത്തിലിട്ട് ആവിയെടുക്കാവുന്നതാണ്.
ഭക്ഷണം പാചകം ചെയ്യുന്നതിന് പുതിനയില ഉപയോഗിക്കുന്നു. സോസ്, ജെല്ലി, സൂപ്പ്, സ്റ്റൂ, ചമ്മന്തി, വിനാഗിരി, പാനീയങ്ങൾ, തുടങ്ങിയവയുടെ ഉൽപാദനത്തിനും ഉപയോഗിക്കുന്നു.
ഉണങ്ങിയ പുതിനയിലയിട്ട് ചൂടു പാനീയം ഉണ്ടാക്കാവുന്നതാണ്. ചിലർ ചായക്ക് പകരമായി ഈ പാനീയം ഉപയോഗിക്കുന്നു. ഉദര രോഗമുള്ളവർ ഇപ്രകാരം ശീലിക്കുന്നത് നന്ന്.
ചൂയിങ് ഗം (chewing gum), ടൂത്ത് പേസ്റ്റ്, ഉൻമേഷദായകങ്ങൾ, ഔഷധങ്ങൾ, എന്നിവയുടെ വ്യവസായിക ഉൽപാദനത്തിന് പുതിന വൻ തോതിൽ ഉപയോഗിക്കുന്നു.
മെൻതോൾ തന്മാത്ര വ്യവസായിക അടിസ്ഥാനത്തിൽ കൃത്രിമമായി ഉത്പാദിപ്പിക്കുന്നുണ്ട്.

                   ഡോ.വേണു തോന്നയ്ക്കൽ              രോഗം ഒരു അന്താരാഷ്ട്ര ഉൽപന്നം                   കുട്ടിക്കാലത്ത് മുത്...
08/09/2026


ഡോ.വേണു തോന്നയ്ക്കൽ
രോഗം ഒരു അന്താരാഷ്ട്ര ഉൽപന്നം

കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞതാണ് ഓർമ്മ വരുന്നത്. മുത്തശ്ശിയുടെ മുഖത്ത് ഇടത്തേ ചെവിയ്ക്കരുകിലായി ഒരു അണുബാധ (ഇൻഫെക്ഷൻ). അന്നത്തെ നാട്ടു നടപ്പനുസരിച്ച് നാട്ടു മരുന്നും പിന്നെ ആയുർവേദവും പ്രയോഗിച്ചു. രോഗ ശമനം കണ്ടില്ലായെന്നു മാത്രമല്ല രോഗം അടിക്കടി കലശലാവുകയാണ്.
പാതി മനസ്സോടെ അല്ലോപതി (മോഡേൺ മെഡിസിൻ) ചികിത്സ എടുക്കാമെന്ന് കരുതി. അക്കാലത്ത് തിരുവനന്തപുരത്ത് ഉള്ളൂരിൽ പേരു കേട്ട ഒരു ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ആശുപത്രിയിൽ കിടത്തി ചികിത്സ തുടങ്ങി. ആഴ്ചകളോളം ചികിത്സ തുടർന്നുവെങ്കിലും രോഗ ശമനം കണ്ടില്ല.
മുത്തശ്ശിയുടെ മാതുലൻ ഡോക്ടറെ സ്വകാര്യമായി കണ്ടു നല്ലൊരു തുക സമ്മാനം നൽകിയതോടെ മുത്തശ്ശിക്ക് എത്രയും പെട്ടെന്ന് ആശുപത്രി വിടാനായി. അമ്മാവൻ ഒരു ധനാഢ്യനാകയാൽ അദ്ദേഹത്തിൽ നിന്നും നല്ലൊരു തുക ഈടാക്കാമെന്ന് കരുതിയാണ് മുത്തശ്ശിക്ക് മെച്ചപ്പെട്ട ചികിത്സ വൈകിപ്പിച്ചതത്രേ.
മുത്തശ്ശി പറഞ്ഞത് ഞാൻ അപ്പടി വിശ്വസിച്ചു. അങ്ങനെയാണ് കുട്ടിക്കാലം. മാതാപിതാക്കളും മുതിർന്നവരും അധ്യാപകരും പറയുന്ന മണ്ടത്തരങ്ങൾ പോലും കുട്ടികൾ വിശ്വസിക്കുന്നു. അതിനാലാണ് കുട്ടികളെ അന്ധവിശ്വാസികളായി വളർത്താൻ എളുപ്പം. ഇന്ന് എനിക്ക് അത്തരമൊരു കഥ വിശ്വസിക്കാൻ പ്രയാസമാണ്. ഒരു ഡോക്ടറും അപ്രകാരം ചെയ്യുകയില്ല എന്നാണ് എൻറെ വിശ്വാസം. അപ്രകാരം വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഞാൻ അപ്രകാരം വിശ്വസിക്കുമ്പോഴും ആരോഗ്യ മേഖലയിൽ അന്താരാഷ്ട്ര കുത്തകകളുടെ കടന്നു കയറ്റം എങ്ങനെ നിഷേധിക്കാനാവും. അന്തർദേശീയ തലത്തിൽ ഔഷധ ബയോമെഡിക്കൽ കുത്തകകളുടെ ദുഃസ്വാധീനം എത്ര കണ്ട് കണ്ടില്ലായെന്ന് നടിക്കും. ഔഷധ ഉൽപാദനം, വിപണനം, ബയോമെഡിക്കലുകളുടെ നിർമ്മാണം, പ്രയോഗം അങ്ങനെ ആരോഗ്യ മേഖല അപ്പാടെ സ്വന്തം കൈപ്പിടിയിലൊതുക്കി കുത്തകകൾ തേരോട്ടം തുടരുകയാണ്.
രോഗമുണ്ടാക്കി രോഗത്തിന് ചികിത്സിക്കുക ഒരു അന്തർദേശീയ അജണ്ടയാണ്. രോഗ നിർണ്ണയത്തിലേക്ക് വേണ്ട ബയോമെഡിക്കലുകൾ, ചികിത്സയ്ക്കായുള്ള ഉപകരണങ്ങൾ, ഔഷധങ്ങൾ, എന്നിവ ഉൽപാദിപ്പിച്ച് ആരോഗ്യ രംഗത്ത് തങ്ങളുടെ കുത്തക അവർ സ്ഥാപിച്ചു കഴിഞ്ഞു.
മുത്തശ്ശി പറഞ്ഞ കഥ അവിശ്വസനീയമാണെങ്കിലും നിലവിലെ ആരോഗ്യ രംഗത്തെ ചില പ്രവർത്തനങ്ങൾ അത്തരം ചിന്തകൾക്ക് വളമേകുന്നവയാണ്.
ഒരർത്ഥത്തിൽ ഔഷധവും ബയോമെഡിക്കലുകളും ലബോറട്ടറി റീയേജൻറ് (laboratory reagent) കളും മാത്രമല്ല രോഗത്തെയും അന്താരാഷ്ട്ര കുത്തകകളുടെ ഉൽപന്നമായി കാണണം.
നമുക്കൊപ്പം പിറന്നവയാണ് രോഗങ്ങൾ. എന്നാൽ ഇക്കാലത്ത് പല രോഗങ്ങളും കുത്തകകളുടെ ഉൽപന്നമായി കരുതേണ്ടി വരുന്നു. അത്തരത്തിൽ ഭീകരവും നിശ്ശബ്ദവുമായ ഒരു കടന്നു കയറ്റമാണ് ആരോഗ്യ മാഫിയാകളും ഔഷധ കുത്തകകളും നമ്മുടെ സ്വൈര ജീവിതത്തിലേക്ക് നടത്തിക്കൊണ്ടിരിക്കുന്നത്.
നമ്മുടെ സുഖകരവും സമാധാനപരവുമായ ജീവിതത്തിലേക്ക് ആരോഗ്യ കുത്തകകൾ പല ആകൃതിയിൽ കടന്നു കയറി നമ്മുടെ ശരീര കോശങ്ങളേയും ആത്മാവിനേയും മാരക രോഗങ്ങൾക്ക് തീറ് നൽകി നമ്മെ അടിമയാക്കുകയാണ്.
ബേക്കറി ഭക്ഷണങ്ങളിലൂടെയും കൃത്രിമ ശീതള പാനീയങ്ങളിലൂടെയും ഔഷധങ്ങളിലൂടെയും രോഗകാരികളായ തന്മാത്രകൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയാണ്. രോഗാതുരമായ ശരീരവും മനസ്സും പഠന വിധേയമാക്കാനും ചികിത്സിക്കാനും ആരോഗ്യ കുത്തകകളുടെ സേവകരായ ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും. രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി അവരുൽപാദിപ്പിച്ച ബയോമെഡിക്കലുകൾ, റിയേജന്റുകൾ, ഔഷധങ്ങൾ. രോഗികളുടെ വർദ്ധനയ്ക്കൊത്ത് കച്ചവടം പൊടി പൊടിക്കുന്നു. അതിനിടയിലാണ് നിശ്ശബ്ദം വില പറയുന്ന അവയവ വിപണിയുടെ കുതിച്ചു ചാട്ടം.
കുത്തകകൾ പല ആകൃതികളിൽ നാടാകെ നിറയുകയാണ്. ഭരണ കൂടങ്ങൾ വിളിപ്പുറത്തുണ്ട്. എന്നാൽ ഭരണകൂടത്തിനും അവരുടെ ഇൻസ്ട്രുമെന്റുകൾക്കും ആരോഗ്യ മാഫിയയെ കണ്ടെത്താനോ ബന്ധിക്കാനോ കഴിയുന്നില്ല. കുത്തകകൾക്കെതിരെ ഒരു തിരിനാളമെങ്കിലും തെളിക്കുന്നതിനു മുമ്പേ ഒക്കെയും വിഴുങ്ങിക്കഴിയും.
നമ്മുടെ പരമോന്നത കോടതിയുടെ പരാമർശം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. ഔഷധ കമ്പനികൾ ഡോക്ടർമാർക്ക് സമ്മാനങ്ങൾ നൽകുന്നത് നല്ല പ്രവണതയല്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
സ്വന്തം ഫാർമസ്യൂട്ടിക്കലിന്റെ ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ എത്തുന്ന മെഡിക്കൽ പ്രതിനിധികൾ (medical representatives), പേന, ഡയറി, നോട്ട് പാഡ്, പുസ്തകം, തുടങ്ങിയവ ഡോക്ടർമാർക്ക് സമ്മാനിക്കുന്നത് അവരുടെ ഉൽപന്നങ്ങളുടെ പരസ്യം ആയിട്ടാണ്. അവയിൽ തങ്ങളുടെ കമ്പനിയുടെയും ഔഷധങ്ങളുടെയും പേരു വിവരം ഉണ്ടാവും.
ഇതൊക്കെ സാധാരണ ഡോക്ടർമാർക്കുള്ളത്. ഏറെ തെരക്കുള്ള വിദഗ്ധർക്ക് മുന്തിയ ഫ്രിഡ്ജ്, ടെലിവിഷൻ തുടങ്ങി മെച്ചപ്പെട്ട ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും സമ്മാനമായി നൽകാറുണ്ട്. സേവനത്തിന്റെയും വിൽക്കുന്ന മരുന്നുകളുടെയും വിലയുടെ നല്ലൊരു ശതമാനം കമ്മീഷനായി ലഭിക്കുന്ന ഡോക്ടർമാരും ഉണ്ട്.
എൻറെ പഴക്കമുള്ള ഒരനുഭവം ഇവിടെ കുറിക്കാം. എറണാകുളത്ത് തിരക്കുള്ള ഒരു ഡോക്ടറുടെ വീടിന് പുറത്ത് അദ്ദേഹത്തെ കാണാൻ എൻറെ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്നു. അപ്പോഴാണ് ഏതാനും പേർ ചേർന്ന് ഏതാണ്ട് ആറടിയോളം ഉയരമുള്ള ഒരു ഫ്രിഡ്ജുമായി ഡോക്ടരുടെ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത് കണ്ടത്. തങ്ങൾ ആഗ്രഹിച്ച പ്രകാരം ഔഷധ കുറിപ്പടി നൽകാത്തതിനാൽ ഔഷധ കമ്പനി സമ്മാനിച്ച ഫ്രിഡ്ജ് മടക്കി ക്കൊണ്ടു പോകുന്നതാണ് ദൃശ്യം. ഒരു പക്ഷേ നല്ലവനായ ഡോക്ടർ ആ സമ്മാനം നിഷേധിച്ചതുമാവാം. ഇതൊരു പഴയ ദൃശ്യമാണ്. ഇപ്പോഴും അക്കാര്യത്തിൽ വലിയ മാറ്റമൊന്നുമുണ്ടാവാനിടയില്ല.
അയൽവക്കത്തുള്ള മെഡിക്കൽ സ്റ്റോറുകാരാണ് പല കുത്തകകളുടെയും ഏജന്റുമാർ. സമ്മാനങ്ങൾ മാത്രമല്ല വിൽക്കപ്പെടുന്ന ഓരോ കഷണം മരുന്നിനും ഡോക്ടറുടെ വീതം ബാങ്ക് അക്കൗണ്ടുകളിലേക്ക് പോകുന്നതും പരസ്യമായ രഹസ്യമാണ്. എല്ലാ ഡോക്ടർമാരിലും ഇതൊന്നും ആരോപിയ്ക്കരുത്. വളരെ നന്നായി പ്രാക്ടീസ് ചെയ്യുന്ന ദേശസ്നേഹികളും മനുഷ്യസ്നേഹികളുമായ മിടുക്കൻമാരായ ഒരു പാട് ഡോക്ടർമാർ നമുക്കുണ്ട്.
അത്തരക്കാർക്ക് മര്യാദയ്ക്ക് പ്രാക്ടീസ് ചെയ്യാനാവാത്ത വിധമാണ് അവർക്ക് ലഭിയ്ക്കുന്ന സമ്മർദ്ദം. അവരുടെ ജീവനും തൊഴിലും നഷ്ടമാവാം. ആരോഗ്യ മാഫിയ മാത്രമല്ല അവരുടെ ദല്ലാളൻമാരായ ഉദ്യോഗ പ്രമുഖരും കൂട്ടത്തിൽ വരും. മറ്റൊരു സംഗതി കൂടിയുണ്ട്. വില കുറഞ്ഞ ടെസ്റ്റുകളും ഔഷധങ്ങളും കുറിക്കുകയാണെങ്കിൽ ആ ഡോക്ടറെ മോശക്കാരനും അറിവില്ലാത്തവനുമായി ചിത്രീകരിക്കാൻ നമുക്ക് യാതൊരു മടിയുമില്ല. വില കൂടിയ ടെസ്റ്റുകളും ഔഷധങ്ങളും മറ്റും ചോദിച്ചു വാങ്ങുന്നവരുണ്ട്. തങ്ങളുടെ ഗമയ്ക്കും രോഗം ഭേദമാവാനും അതൊക്കെ വേണമെന്ന് അവർ ശഠിക്കുന്നു. അതിനു കാരണം അറിവില്ലായ്മയും അൽപത്തരവുമാവാം.
ചികിത്സ തേടി വരുന്ന രോഗിയെ സൗജന്യമായി ചികിത്സിക്കുന്നു എന്ന വ്യാജേന കുത്തകകൾക്കായി ഔഷധ ഗവേഷണത്തിനുപയോഗപ്പെടുത്തി പ്രതിഫലമായി വൻപിച്ച തുകകളും സമ്മാനങ്ങളും പറ്റുന്ന ഡോക്ടർമാരും ആശുപത്രികളും ഉണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കും ചികിത്സകർക്കും പരസ്യ വേല ചെയ്യുന്നവരുടെ നാടാണിത്. .
മടങ്ങി വരാം. ഭരണകൂടങ്ങൾ പോലും ഇവർക്കെതിരെ നിശബ്ദരാവുകയാണ്. അവിടെയാണ് കുത്തകകളുടെയും ഔഷധ മാഫിയയുടെയും സ്വാധീനം.
സൗജന്യ ചികിത്സ മാത്രമല്ല ഗിനി പന്നികളുടെ ഭാഗം അഭിനയിക്കുന്ന രോഗികൾക്ക് ചെറിയ തുക സമ്മാനമായും നൽകും. ഇത്തരത്തിൽ പൊതുജനത്തിന്റെ ആരോഗ്യം വിറ്റ് പണമാക്കുന്ന രീതിക്ക് മനോഹരമായ ഒരു പേരുണ്ട്, "ചാരിറ്റി". ധർമ്മം നൽകുന്നതിനെതിരെ ആര് മിണ്ടാനാണ്. ജാതിയുടെയും മതത്തിന്റെയും മറ പിടിയ്ക്കാനും ഇത്തരക്കാർക്ക് യാതൊരു മടിയുമില്ല. ധർമ്മത്തിന്റെ ചരട് കെട്ടി അവയവ കച്ചവടം നടത്തുന്ന ആരോഗ്യ മാഫിയായെ ആരുണ്ട് തളയ്ക്കാൻ.
നമ്മുടെ സ്വന്തം വെളിച്ചെണ്ണക്കെതിരെ ആരോഗ്യ മാഫിയ പിടി മുറുക്കിയപ്പോൾ അവർക്കൊപ്പം നിന്ന് വെളിച്ചെണ്ണയെ ഒറ്റിയവരും പൊതു സമൂഹത്തെ ചൂഷണം ചെയ്തവരും നമുക്കിടയിലുണ്ട്. അവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയ മാഫിയ ധനത്തിന്റെ വലിപ്പം അറിയണമെങ്കിൽ അവർ കെട്ടിപ്പൊക്കിയ സൗധങ്ങളുടെ ഉയരമളന്നാൽ മതിയാവും.
നമ്മുടെ ദാരിദ്ര്യവും അജ്ഞതയും അറിവില്ലായ്മയും ആണ് കുത്തകകൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നത്. നാം സാക്ഷരരാണ്. അക്ഷരങ്ങൾ കോർത്ത് വാക്കുകൾ ഉണ്ടാക്കാനും വായിക്കാനും അറിയാം. എന്നാൽ വാക്കുകളിൽ ഉതിരുന്ന ജ്ഞാനത്തിന്റെ ഗന്ധം അറിയാതെ പോയി. നമ്മുടെ വിദ്യാഭ്യാസത്തിൽ ചിന്തയുടെ കനൽ ഉരച്ചു ചേർത്തിട്ടില്ല. വിദ്യാഭ്യാസത്തിൻറെ യഥാർത്ഥ ലക്ഷ്യം അറിയാതെ പോയി.
സമ്പൂർണ്ണ സാക്ഷരർ എന്നഭിമാനിക്കുമ്പോഴും ചിന്തിക്കാൻ ഒരു തിരിവെട്ടം കൂടി ലഭ്യമാവാത്ത വിദ്യാഭ്യാസ മാതൃകയ്ക്കെന്ത് മഹത്വമാണുള്ളത്.
പൊതുസമൂഹത്തെ ബോധവൽക്കരിക്കാൻ പത്ര മാധ്യമങ്ങൾക്കും സാഹിത്യ കൃതികൾക്കും സിനിമ ഉൾപ്പെടെ കലാരൂപങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമാകണം. ചിന്തയുടെ ഉർവ്വരതകളിലേക്ക് ജനസാമാന്യത്തെ നടത്തണം.

                  ഡോ.വേണു തോന്നയ്ക്കൽ            ഉടലിന് നേരെ പിടിച്ച കണ്ണാടി          ഒരേ സമയം ബൗദ്ധികാവരണം സൂക്ഷിക്കുകയ...
07/09/2026


ഡോ.വേണു തോന്നയ്ക്കൽ
ഉടലിന് നേരെ പിടിച്ച കണ്ണാടി

ഒരേ സമയം ബൗദ്ധികാവരണം സൂക്ഷിക്കുകയും അടിമത്ത ബോധം ശിരസ്സിൽ കാക്കുകയും ചെയ്യുന്നവരായി മാറുകയാണ് നാം. നമ്മുടെ ഉടലുകളിൽ അത്തരം ഒരു മനഃശാസ്ത്ര കാഴ്ച നിഷേധിക്കാൻ ആവാത്ത വിധം തെളിയുകയാണ്.
എൻറെ ധാരണകളോട് ഒട്ടി നിൽക്കണം എന്നല്ല. എന്നാൽ വിയോജിക്കുന്നതിന് മുമ്പ് സ്വന്തം ആത്മാവിനോട് ഒന്ന് ചോദിക്കുക. ഒരു നിമിഷ നേരത്തേയ്ക്ക് മനസ്സ് സ്വതന്ത്രമാക്കുക. ആശയപരമായ വിധേയത്വവും തന്മൂലം ഉണ്ടാവുന്ന വെറുപ്പിന്റെ പാഠങ്ങളും മാറ്റി വച്ച് മനസ്സ് പൂർണ്ണമായും സ്വതന്ത്രമാക്കി മറ്റുള്ളവരെ കേൾക്കാനും ചുറ്റുപാട് തൊട്ടറിയുവാനും ഒന്ന് ശ്രമിക്കുക.
സ്വതന്ത്രമായി ചിന്തിക്കുന്നവർക്ക് മാത്രമേ അർത്ഥ പൂർണ്ണമായ തീരുമാനങ്ങൾ എടുക്കാനും നീതിയുക്തമായ ധാരണകളിൽ എത്തിച്ചേരാനും കഴിയുകയുള്ളൂ. അവരിലൂടെയാണ് ഒരു ക്ഷേമ രാഷ്ട്രം സ്വപ്നം കാണാനാവുക.
മനസ്സിന് നേരെ പിടിക്കുന്ന ഒരു കണ്ണാടി നമ്മെ തിരിച്ചറിയാനും സ്വയം വിലയിരുത്താനും ഉപകരിക്കും. സ്വന്തം കുറ്റവും കുറവുകളും തിരിച്ചറിയുന്നതിനൊപ്പം സ്വന്തം കഴിവുകളിൽ വിശ്വാസമുള്ള ഉത്തരവാദിത്വമുള്ള ഒരു പൗരൻ ആവാനും നമുക്ക് കഴിയണം.
എല്ലാവരിലും വ്യത്യസ്തങ്ങളായ അനവധി കഴിവുകൾ ഉണ്ട്. അവ തിരിച്ചറിയാനോ പ്രോത്സാഹിപ്പിക്കാനോ സമൂഹത്തിന് ഗുണകരമായ വിധത്തിൽ പ്രയോജനപ്പെടുത്താനോ നമുക്കാവുന്നില്ല. തന്മൂലം ഒരുവനിലെ നന്മകളും മേന്മകളും അവനറിയാതെ അവനൊപ്പം നശിക്കുകയാണ്.
സ്വയമറിയാനും വിമർശന വിധേയമാക്കുവാനും നമുക്കാവണം. നാം നിസ്സാരരെന്ന് പുച്ഛിച്ചു തള്ളിയവരിൽ ചിലരെങ്കിലും ജീവിത വിജയം നേടിയത് അവർ സ്വയം തിരിച്ചറിയാനും വിമർശന ബുദ്ധിയോടെ തിരുത്തി അധ്വാനിക്കാനും ശ്രമിച്ചതിനാലാണ്. അത്തരത്തിലുള്ള അനവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്.
കഴിവുകൾ ഉണ്ടായിട്ടും അത് വേണ്ട പോലെ ഉപയോഗപ്പെടുത്താനാവാതെ പോകയാൽ ആശിച്ച വണ്ണം എങ്ങും എത്താനാകാഞ്ഞവർ അനവധി. കൈവശമുള്ള വിദ്യ വേണ്ട പോലെ ഉപയോഗിക്കാനായതിനാൽ മെച്ചപ്പെട്ട നിലകളിൽ എത്തിയവരും ധാരാളം.
ഇതൊക്കെ കാണുമ്പോൾ തനിക്കുണ്ടായ നഷ്ടങ്ങൾ ഓർത്ത് നിരാശരാവുന്നവരും തനിക്കത്രയേ വിധിച്ചിട്ടുള്ളു. അതിനാൽ ഇത്രയേ എത്താൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞ് സ്വന്തം മനസ്സിനെ സമാധാനിപ്പിച്ച് ജീവിക്കാൻ ശ്രമിക്കുന്നവരും ഇത്രയൊക്കെ തന്ന ദൈവത്തിന് സ്തുതി ചൊല്ലി സന്തോഷം പ്രകടിപ്പിക്കുന്നവരുമുണ്ട്.
ചിലർ അപ്രകാരമല്ല. തൻറെ കൈവശമുള്ള വിഭവങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തി ജീവിത വിജയം നേടിയവരെ നോക്കി അവർ ഉണ്ടാക്കിയതൊക്കെ അവിഹിതമായ മാർഗത്തിലൂടെ ആണെന്ന് പറഞ്ഞു സ്വയം സമാധാനം കണ്ടെത്തും. ഒക്കെയും മനസ്സിൽ ഊറി കൂടുന്ന നിരാശയുടെയും നഷ്ടബോധത്തിന്റെയും പ്രതിഫലനമാണ്.
അപ്പോഴും തനിക്ക് എവിടെയാണ് പിഴച്ചത് എന്ന് അറിയാൻ ഒരു ശ്രമവുമില്ല. അവിടെയാണ് നമ്മിലെ അടിമത്തം പ്രവർത്തിക്കുന്നത്.
ചിലർ സ്വന്തം അടിമത്വ ബോധത്തെ ശിരസ്സാ വഹിക്കുകയും ഒപ്പം മറ്റുള്ളവരുടെ ഉയർച്ചയെ പഴിച്ച് സമാധാനം തേടുകയും ചെയ്യുന്നു. റിസർവേഷൻ, അഴിമതി, കോപ്പിയടി, ഉന്നതരെ മണിയടി, എന്നിങ്ങനെ പറയാനാറിയുന്ന മുഴുവൻ കുറ്റങ്ങളും ആരോപിച്ച് അവൻറെ ഉയർച്ചയെയും ജീവിത നേട്ടത്തെയും ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചു കൊണ്ടിരിക്കും. അപ്രകാരം അവർ സമാധാനം തേടുന്നു.
മറ്റു ചിലരിൽ തന്മൂലം അസൂയ ആളിക്കത്തുകയും നന്മയുടെ ചിരിച്ച മുഖവുമായി വൃത്തികേടുകൾ പറഞ്ഞ് പരത്തുകയും ചുറ്റിലുമുള്ളവരെ കൊണ്ട് വിശ്വസിപ്പിക്കുകയും ചെയ്യും. അവർ കാഴ്ചയിലും പെരുമാറ്റത്തിലും മാന്യരാണെങ്കിൽ പറയുകയും വേണ്ട. അവർ പറയുന്നതെന്തും നാം പെട്ടെന്ന് വിശ്വസിക്കും. ഒന്നു നിരീക്ഷിച്ചാൽ അത്തരത്തിലുള്ളവരെ നമുക്ക് ചുറ്റിലും ധാരാളമായി കാണാവുന്നതാണ്.
നുണ, അസൂയ, എന്നീ പദങ്ങൾ സ്ത്രീകളുടെ വിശേഷങ്ങൾ ആയാണ് നാം കേട്ടു ശീലിച്ചത്. അതൊക്കെ വെറുതെ. പുരുഷന്മാർ അക്കാര്യത്തിൽ ഒട്ടും പിന്നിലല്ല . പരദൂഷണം മാത്രമല്ല ചേർത്തു പിടിച്ച് ചതിക്കാനും തയ്യാർ. നമുക്കൊപ്പം ഉണ്ടാവും അത്തരക്കാർ. അവരെ തിരിച്ചറിയാനുള്ള സ്വതന്ത്രബോധം സ്വന്തം ചേതനയിൽ വേണം.
സ്വന്തം കഴിവു കേടിനെ മഹത്വവൽക്കരിക്കുകയും മറ്റുള്ളവരുടെ കഴിവുകൾ ഇകഴ്ത്തി കാട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന അനവധി മാന്യ ദേഹങ്ങളെ കാണാനാവും. പൊതു സമൂഹത്തിൽ ഉന്നതരെന്ന് കരുതുന്നവരും മാതൃക വ്യക്തിത്വമെന്ന് വിശേഷണം നൽകി ആദരിക്കപ്പെടുന്നവരും തൊഴിൽ കൊണ്ട് മഹത്വവൽക്കരിക്കപ്പെട്ടവരും രാഷ്ട്രീയ നേതാക്കന്മാരും ഇക്കൂട്ടത്തിൽ ഉണ്ടാവും. ഇവരൊക്കെ എന്തുപറഞ്ഞാലും ജനം വിശ്വസിക്കും.
ഒന്ന് ശ്രദ്ധിച്ചാൽ അത്തരക്കാരെ നമുക്ക് ധാരാളമായി കണ്ടെത്താനാവും. നിങ്ങളുടെ അടുത്ത ബന്ധുക്കളോ ഒപ്പം പഠിച്ചവരോ സുഹൃത്തുക്കളോ ഒപ്പം ജോലി ചെയ്യുന്നവരോ ആവാം. ചുറ്റിലുമുള്ള ആൾക്കൂട്ടത്തിൽ നിന്നും അത്തരം വ്യക്തിത്വങ്ങളെ ഒന്ന് തിരിച്ചറിയാൻ ശ്രമിക്കുക. അത്തരക്കാരോടുള്ള സ്നേഹവും ആരാധനയും ആത്മാർത്ഥതയും വിധേയത്വവും മൂലം ഒരു പക്ഷേ നിങ്ങൾക്ക് അതിനായി എന്ന് വരില്ല.
ഒരുപക്ഷേ നിങ്ങളിലും അത്തരത്തിലുള്ള ഒരു വ്യക്തി നിശബ്ദം ജീവിക്കുന്നുണ്ടാവും.
വിധേയത്വം സൂക്ഷിക്കുന്നവരാണ് നാം. വിധേയത്വവും ആരാധനയും ഭക്തിയും അടിമത്വത്തിന്റെ വകഭേദങ്ങളാണ്. ഒരു പരിധി കഴിഞ്ഞാൽ അതപകടമാണ്.
തൊഴിൽദായകൻ, നേതാവ്, നടൻ, മന്ത്രവാദി, മനുഷ്യ ദൈവങ്ങൾ വിഗ്രഹങ്ങൾ എന്നിങ്ങനെ എത്രയോ തലക്കെട്ടുകൾക്കാണ് നമ്മിലെ പ്രജ്ഞയെ ദാനം ചെയ്തു അടിമത്വത്തിന് തലകുമ്പിട്ടത്.
ഇതേക്കുറിച്ച് നാം എത്രപേർ ചിന്തിക്കുന്നു. ഒക്കെയും ആവശ്യമായിരിക്കാം. എന്നാൽ അതിന് പരിധി നിശ്ചയിക്കണം. പരിധിക്ക് അപ്പുറത്തേക്ക് ഉള്ള പലായനം സ്വന്തം മുഖത്തേക്ക് തുപ്പുന്നതിന് സമാനം.
സ്വന്തം ഗുണങ്ങളും കഴിവുകളും തിരിച്ചറിയാനും അത് മറ്റൊരാൾക്ക് ചവിട്ടി മെതിക്കാനുള്ളതുമല്ല എന്ന ബോധവും തീർച്ചയായും ഉണ്ടാവണം. അത്തരം ബോധം നിലനിർത്താൻ നമ്മുടെ വിദ്യാഭ്യാസത്തിനാവണം. അതിനുള്ള സാംസ്കാരിക വിപ്ലവമാണ് ഇനി വേണ്ടത്.
ബൗദ്ധികാവരണം പേറുന്നിടത്തല്ല, ബൗദ്ധികതയുടെ തെളിനീര് ചുരത്തുന്നിടത്താണ് നാം സ്വതന്ത്രരാവുന്നത്. സ്വാതന്ത്ര്യത്തിന്റെ നറുനിലാവിലാണ് ജീവിത വിജയവും സന്തോഷവും പൂത്തിറങ്ങുക.

                            കവിത ഡോ. വേണു തോന്നയ്ക്കൽ                 നിലച്ച ഘടികാരം     എൻറെ ദിനചര്യകൾക്ക് സാക്ഷിയായിരു...
04/09/2026


കവിത
ഡോ. വേണു തോന്നയ്ക്കൽ
നിലച്ച ഘടികാരം

എൻറെ
ദിനചര്യകൾക്ക്
സാക്ഷിയായിരുന്നു
ഘടികാരം.
ഭൂത ഭാവി
വർത്തമാനങ്ങൾ
പറഞ്ഞ് അത്
നിറുത്താതെ
കരഞ്ഞു കൊണ്ടിരുന്നു.

എന്നോ അത്
നിലച്ചു പോയി.
നിലച്ച ക്ലോക്കിന്റെ
നാവറത്ത്
നടുവഴിയിൽ
ഇട്ടിരിക്കുന്നു.
അതിൻറെ
സൂചികളിൽ കുരുങ്ങി
ഇനിയൊരു
ചലനവും കാത്ത്
എൻറെ
മനസ്സുണർന്നിരിക്കുന്നു.

                    ഡോ വേണു തോന്നയ്ക്കൽ                                                                                 ...
04/09/2026


ഡോ വേണു തോന്നയ്ക്കൽ
ഷവർമയുടെ രാഷ്ട്രീയം

ഷവർമയും അതു പോലുള്ള ഇറച്ചിയാഹാരങ്ങളും കഴിച്ചുണ്ടാവുന്ന മരണ വാർത്തകൾ നമുക്കിടയിൽ പുത്തനല്ല.
നാട്ടിൽ എവിടെയും ആർക്കും ഏതു ഭക്ഷണവും ഉണ്ടാക്കാം, വിൽക്കാം. അക്കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ല. തെല്ലും ആലോചിക്കാതെ അവ വാങ്ങി കഴിച്ച് മാരക രോഗങ്ങളുടെ അവകാശിയാവാനും അപകടങ്ങൾക്ക് കീഴടങ്ങാനും നമ്മൾ തയ്യാർ.
വൈദേശീയ മാംസ ഭക്ഷണം എന്ന് കേട്ടാൽ മതി അത് കഴിക്കാൻ ആർത്തിയോടെ ഓടിയെത്തും. ഭക്ഷണ ശാലയ്ക്ക് മുന്നിലെ നീണ്ട ക്യൂ കാണേണ്ടത് തന്നെ. ഭക്ഷണത്തിൻറെ ഗുണ ദോഷങ്ങൾ അറിയണമെന്നില്ല. വിഷമാണേലും കഴിക്കും. ഇവിടെ നമുക്ക് ഭക്ഷണം ഒരു ശാരീരിക ആവശ്യം എന്നതിലുപരി ഒരു മാനസിക വിഷയമായി മാറുകയാണ്.
ഉറുമ്പ് തീറ്റ തേടി അലയുന്ന മാതിരി രുചി തേടി പരക്കം പായാൻ നമുക്ക് യാതൊരു മടിയുമില്ല. ഇതിനെ 'ഭക്ഷണപിരാന്ത്' എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്.
തിന്നു മരിക്കുക. അതാണ് ഫാഷൻ. ലോണെടുത്ത് മൂക്കു മുട്ടെ മലിനാഹാരം കഴിച്ച്, മാരക രോഗങ്ങൾക്ക് കീഴടങ്ങി, കിടപ്പാടം വിറ്റ് ഡോക്ടർമാരുടെ മുറിക്കു മുന്നിൽ ക്യൂ നിൽക്കുന്ന സംസ്കാരം നമുക്ക് സ്വന്തം.
നമ്മുടെ ചാനലുകളും സോഷ്യൽ മീഡിയയും പടച്ചു വിടുന്ന "ഭക്ഷ്യമേള"കൾ കണ്ടാൽ രുചിയേറിയത് എന്തും വലിച്ചു വാരി തിന്നാനായിട്ടാണെന്ന് നാം ജീവിക്കുന്നതെന്ന് തോന്നിപ്പോകും. രുചി നാവിന്റെ ശീലമാ.ണ് എന്ന തിരിച്ചറിവ് കൂടി അഭ്യസ്ത വിദ്യരായ നമുക്ക് നഷ്ടമായിരിക്കുന്നു.
പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ച് ആരോഗ്യ പൂർണരായി ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. മിക്കവരും വില കൂടിയ മലിന ഭക്ഷണം കഴിക്കാൻ മാത്രം ഇഷ്ടപ്പെടുന്നു.
ബുദ്ധി ജീവികൾ, വിദ്യാസമ്പന്നർ, രാഷ്ട്രീയ പ്രബുദ്ധർ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നത് വെറും നാട്യം എന്ന് പറയാൻ ഭക്ഷണത്തോടു കാണിക്കുന്ന ഈ അമിത ഭ്രമം മാത്രം മതി.
അക്ഷരം കൂട്ടി വായിക്കാനും അവ ചേർത്തെഴുതി ഡിഗ്രികൾ നേടാനും അറിഞ്ഞാൽ മാത്രം പോര. ചിന്തിക്കാനും ആരോഗ്യ ബോധം കാത്തു സൂക്ഷിക്കാനും യുക്തിപൂർവ്വം തീരുമാനമെടുക്കാനും അതനുസരിച്ച് ശാസ്ത്രീയമായും ആരോഗ്യ പൂർണ്ണമായും ജീവിയ്ക്കാനും കഴിയണം.
രാഷ്ട്ര വികസനത്തിന്റെ അടിസ്ഥാനം കോൺക്രീറ്റ് കാടുകളല്ല, മറിച്ച് അവിടുത്തെ യുവ ജനതയുടെ ആരോഗ്യവും, ബുദ്ധിപരവും മാനസികവുമായ ഉണർവ്വാണ്. മലിനമയമായ ഭക്ഷണങ്ങൾ കഴിച്ച് യുവ തലമുറ ആരോഗ്യവുള്ള ശരീരവും മനസ്സും ബുദ്ധിയും കെട്ടവരാവുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് നഷ്ടമാവുന്നത് രാഷ്ട്രം തന്നെയാണ്.
നമുക്ക് ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ വേണ്ടത്ര പോഷക ഘടകങ്ങൾ ഉണ്ടോ രാസ തന്മാത്രകൾ, രോഗാണുക്കൾ, എന്നിവയിൽ നിന്നും മുക്തമായ ഭക്ഷണമാണോ എന്നൊക്കെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും ഒരു പൗരൻ എന്ന നിലയ്ക്ക് ഏവർക്കുമുണ്ട്.
കുത്തകകൾ ഉൽപാദിപ്പിക്കുന്ന ചില ഭക്ഷണങ്ങൾ വലിയ വില നൽകി വാങ്ങുന്നതോടൊപ്പം രോഗവും സ്വന്തമാക്കുകയാണ്. അത് എപ്രകാരമാണ് എന്നറിയാനുള്ള ബോധം കൂടി നാം പ്രകടിപ്പിക്കുന്നില്ല.
സ്വന്തം ഉൽപന്നങ്ങൾ വിറ്റഴിക്കുക എന്നത് ഏതൊരു ഉൽപാദകന്റേയും കച്ചവടക്കാരന്റെയും താൽപര്യമാണ്. എന്നാൽ അവിടെ ലാഭ കണ്ണ് മാത്രം പോരാ. പൗര ബോധം കൂടി വേണം. ഏത് തൊഴിലുടമയും കച്ചവടക്കാരനും തൻറെ തൊഴിലിൽ പുലർത്തേണ്ട നൈതികത പ്രകടിപ്പിക്കണം.
നേരിട്ടോ പരോക്ഷമായോ രോഗം വിൽക്കുന്നവരെ കച്ചവടക്കാരുടെ രൂപത്തിൽ പലയിടത്തും കാണാവുന്നതാണ്. അത്തരത്തിൽ ഒരാളാണ് ഷവർമയിൽ മരണം പുരട്ടി ഒരു പാവം പെൺകുട്ടിയെ നിത്യ നിദ്രയിലേക്ക് നയിച്ചത്. ഒരു പക്ഷേ അശ്രദ്ധ മൂലം ഉണ്ടായ വീഴ്ചയോ ഭക്ഷ്യ സുരക്ഷയെ കുറിച്ചുള്ള അറിവില്ലായ്മയോ ആവാം. അവിടെ പ്രാദേശിക ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയും ശ്രദ്ധക്കുറവും കാണാതിരിക്കാനാവില്ല.
കോൺസെൻട്രേറ്റഡ് ശീതള പാനീയങ്ങൾ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ, ബേക്കറി ഭക്ഷണങ്ങൾ, കൃത്രിമ പഴച്ചാറുകൾ എന്നിവയിൽ ചേർക്കുന്ന ആഡിറ്റീവുകൾ രാസ തന്മാത്രകളാണ്. നിറം, രുചി, മധുരം, പ്രിസർവേഷൻ തുടങ്ങിയവയ്ക്കാണ് ആഡിറ്റീവുകൾ ചേർക്കുന്നത്. ശീതള പാനീയങ്ങൾ മിക്കതും സമ്പൂർണ്ണമായും രാസവസ്തു നിർമ്മിതമാണ്.
മുളകു പൊടിയുടെ എരിവ്, അതിൻ്റെ ആകർഷണീയത, മഞ്ഞളിന്റെ നിറം എന്നിവ വർദ്ധിപ്പിക്കാനും ഇറച്ചി, മീൻ തുടങ്ങിയവ ദീർഘനാൾ കേടു കൂടാതെ ഇരിക്കാനും ഉപയോഗിക്കുന്ന രാസവസ്തുക്കളും അപകടകാരികളായ തന്മാത്രകളാണ്.
പ്രശസ്തമായ ബ്രാൻഡുകളിൽ മോളു (mall) കളിലെ ഫ്രീസറിനുള്ളിൽ രാസ വസ്തുക്കളിൽ കുളിച്ച് വർഷങ്ങളോളം പ്രായമുള്ള കോഴിയിറച്ചി ഉപഭോക്താവിനെ നോക്കി ചിരിക്കുന്നത് കാണാം. ഇത്തരം ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ജീവനോടിരിക്കുന്നത് തന്നെ മഹാഭാഗ്യമെന്ന് കരുതുക.
ഭക്ഷണത്തിൽ ചേർക്കുന്ന രാസ വസ്തുക്കൾ അപകട രഹിതവും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമല്ലായെന്ന് കുത്തകകളുടെ ഏറാൻ മൂളികളായ കൊട്ടാരം ശാസ്ത്രജ്ഞർ ഗണിച്ച് എഴുതിയിട്ടുണ്ട്.
ഈ രാസ തന്മാത്രകൾ കഴിക്കുന്നവരിൽ പാർശ്വ ഫലങ്ങൾ ഒന്നുമില്ലാത്രേ. ഒരർത്ഥത്തിൽ അക്കാര്യം ശരിയാണ്. വിഷത്തിന് എവിടെ പാർശ്വഫലം. അവ നേരിട്ട് മരണ പഥത്തിലേക്ക് നമ്മെ കൂട്ടുകയല്ലേ. ഏത് ഹീന മാർഗ്ഗത്തിലൂടെയും സ്വന്തം ഉൽപന്നങ്ങൾ വിറ്റഴിയ്ക്കുക എന്നത് സമകാലിക കച്ചവടക്കാരന്റെ തന്ത്രമാണ്. നൈതികത പുലർത്താത്ത വ്യാപാരിയുടെ ഉപകരണമായി മാറുകയാണ് അരാഷ്ട്രീയ വാദിയായ ഉപഭോക്താവ്.
ഉപഭോക്താവ് രാജാവാണ് എന്ന ബോധം മാറി ഉടമകൾക്കും ഉൽപന്നങ്ങൾക്കും കീഴ്പ്പെടുന്ന കീഴാള ബോധം നിശ്ശബ്ദം വളരുകയാണ്. സ്വയം അറിയാതെ നാം ഉൽപന്നങ്ങളുടെ അടിമകളായി മാറുന്ന കാഴ്ചകൾ. കുത്തുകകൾക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ നാം ശീലിച്ചു വരുന്നു.
ജനത്തെ രാസ വിഷങ്ങൾ തീറ്റിച്ച് തടിച്ചു കൊഴുത്ത കുത്തക ഏതെങ്കിലും ഒരു "ചാരിറ്റി"യിൽ ഏർപ്പെടുന്നതോടെ വെള്ള പൂശി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നു. താൻ ചെയ്തു കൊണ്ടിരിക്കുന്ന ദ്രോഹം ഉപഭോക്താവായ പൊതു ജനത്തിന്റെ ബോധത്തിൽ നിന്നും തുടച്ചു മാറ്റാനുള്ള ഒരു ആധുനിക തന്ത്രമാണ് ചാരിറ്റിയുടെ ദൂതുമായെത്തുന്നതെന്ന തിരിച്ചറിവ് പോലും നമുക്ക് നഷ്ടമാകുന്നു.
നിഴൽ കൊണ്ട് വലിയൊരു കൊള്ളയെ മറയ്ക്കുന്ന കുത്തക തന്ത്രം ആഗോള വ്യാപകമായി കാണാവുന്നതാണ്. ഇവിടെ നാം ഉപഭോക്താക്കളായ പൊതുജനത്തിന്റെ "മാസ് സൈക്കോളജി" പഠന വിധേയമാക്കേണ്ടതുണ്ട്. നമുക്ക് നഷ്ടമാവുന്ന പുരോഗമന രാഷ്ട്രീയ ബോധമാണ് മലിനമയ ഭക്ഷണ കച്ചവട കുത്തകകൾക്ക് വളക്കൂറാവുന്നത്. തേച്ചു മായ്ച് കളഞ്ഞു എന്ന് കരുതിയ ഉടമ അടിമ വ്യവസ്ഥിതി, ആഗോള വിപണനവും ഉൽപാദനവും, ഉപഭോഗവുമായി ബന്ധപ്പെട്ട് കടന്നു വരികയാണ്.
പരസ്യങ്ങൾ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിനെ നിയന്ത്രിക്കാൻ പാകത്തിലുള്ളതാണ്. അതിനാൽ പരസ്യ പ്രചരണങ്ങളിലൂടെ എന്തും വിൽക്കാം എന്ന നിലയിൽ കാര്യങ്ങൾ എത്തി നിൽക്കുന്നു.
പക്വമതികൾ എന്ന് നാം വാഴ്ത്തുന്ന മുതിർന്ന പൗര സമൂഹത്തെയും ഇക്കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തേണ്ട.
പരസ്യങ്ങളുടെ പിന്നാലെ പോകുന്നവർക്ക് ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാവാത്ത വിധം മതി ഭ്രമം ബാധിച്ചിരിയ്ക്കുന്നു. കോളക്കെതിരെ യുദ്ധം നയിച്ചവനോട് കോളയാണ് ആരോഗ്യകരമായ ശീതള പാനീയമെന്ന് വീമ്പ് പറയാൻ തക്ക വിധം നമ്മുടെ ശാസ്ത്ര ബോധവും പൗര ബോധവും രാഷ്ട്രീയ ബോധവും അധ:പതിച്ചിരിക്കുന്നു.
അത്തരത്തിലൊരു സാംസ്കാരിക അരക്ഷിതാവസ്ഥ നമുക്കിടയിൽ എപ്രകാരമുണ്ടായി എന്ന് വളരെ ഗൗരവത്തോടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അഭ്യസ്തവിദ്യരായ ചിന്തിക്കുന്ന കേരള ജനത എന്തുകൊണ്ട് കാര്യങ്ങൾ മനസ്സിലാക്കുന്നില്ല. ഇവിടെയാണ് കേരളീയരുടെ പൊതു മന:ശാസ്ത്രം ചർച്ച ചെയ്യപ്പെടേണ്ടത്.
സ്വന്തം ആയുസ്സും ആരോഗ്യവും വിഷ മലിന ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഉൽപാദകർക്കും തീറെഴുതാതിരിക്കാൻ തക്ക പ്രതികരണ ശേഷിയെങ്കിലും നാം ആർജ്ജിക്കണം. ദൗർബല്യങ്ങൾക്ക് അടിമയാവാതെ നമ്മുടെ സ്വത്വം നില നിർത്താനും അതായി തുടരാനും ബൗദ്ധിക സ്വാതന്ത്ര്യം സൂക്ഷിക്കേണ്ടതാണ്.
മൾട്ടി നാഷണലുകൾക്ക് മൂന്നാം ലോക രാഷ്ട്രത്തിലെ പൗരനു മേൽ അടിച്ചേൽപ്പിക്കാൻ ചില രഹസ്യ രാഷ്ട്രീയ അജണ്ടകൾ ഉണ്ട്. അതിൻറെ അടിസ്ഥാനത്തിൽ അവൻറെ ബുദ്ധിയിലും മനസ്സിലും നുഴഞ്ഞു കയറി അടയിരിയ്ക്കാനുള്ള കുത്തകകളുടെ ശ്രമങ്ങൾ എമ്പാടും നടക്കുന്നു. അതിലേക്കുള്ള ആയുധങ്ങളാണ് പട്ടിണിയും ഉൽപന്നങ്ങളും പരസ്യങ്ങളും.
ഈ കുത്തകകളെയും അവരുടെ ആജ്ഞാനുവർത്തികളെയും യുവ തലമുറയെ വിഷം നൽകി മയക്കുന്ന കച്ചവടക്കാരെയും അത് പരസ്യപ്പെടുത്തുന്നവരെയും ജാതി മത രാഷ്ട്രീയ സാമ്പത്തിക ഭേദമന്യേ മുഖം നോക്കാതെ നിയന്ത്രിക്കാൻ തക്ക ആർജ്ജവം ഭരണ കൂടം പ്രകടിപ്പിക്കണം.
നമുക്ക് ആരോഗ്യകരമായ ഭക്ഷ്യ സംസ്കാരവും ആരോഗ്യ ബോധവും വീണ്ടെടുക്കണം. ഭരണകൂടവും സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരും യുക്തിബോധമുള്ള സ്വതന്ത്രമായി ചിന്തിക്കുന്ന ആരോഗ്യ ശാസ്ത്ര പ്രവർത്തകർക്കൊപ്പം അണി ചേരണം.
നമുക്ക് ഷവർമയിലേക്ക് മടങ്ങാം. ഇവിടെ ഭക്ഷ്യ മലിനീകരണത്തിന് വിധേയമായ ഷവർമയാണ് മരണം കൊണ്ടു വന്നത്. നമ്മുടെ നാടിൻറെ പട്ടിണി മാറ്റാനും വിദ്യാഭ്യാസ സാമ്പത്തിക നിലവാരം ഉയർത്താനും ഒരു പരിധി വരെ സഹായിച്ചതും സഹായിച്ചു കൊണ്ടിരിക്കുന്നതും പെട്രോളിന്റെ മണമുള്ള ഗൾഫ് കറൻസിയാണ്. പെട്രോളിന്റെ മണത്തിനൊപ്പം ഷവർമയും നമ്മുടെ നാട്ടിൽ ക്ഷിപ്ര പ്രചാരത്തിലായി.
1870ൽ ടർക്കിയിലെ ബർസ നഗരത്തിലാണ് ഷവർമയുടെ ജനനം. അതൊരു മോശപ്പെട്ട ഭക്ഷണമെന്ന അഭിപ്രായം എനിക്കില്ല. ഏതു ഭക്ഷണവും സുരക്ഷിതമല്ലെങ്കിൽ അവ മോശപ്പെട്ടത് തന്നെയാണ്. ഭക്ഷണം സുരക്ഷിതമോ അല്ലയോ എന്ന് നിശ്ചയിക്കേണ്ട ചുമതല ഭരണകൂടത്തിനാണ്.
കേരളത്തിൽ ഉണ്ടായ ഷവർമ മരണത്തിൻ്റെ കുറ്റം ഷവർമയുടെ തോളിൽ ചാരി രക്ഷപെടേണ്ടതില്ല. ഭക്ഷ്യ മലിനീകരണത്തിന് വിധേയമായ ഷവർമയാണ് മരണ ഹേതു. മരിച്ച കുട്ടി കഴിച്ച ഷവർമയുടെ പഴക്കവും ഉൽപാദകന്റെ ശുചിത്വമില്ലായ്മയും കുട്ടിയുടെ പ്രതിരോധശേഷിയുടെ കുറവും വിലയിരുത്തപ്പെടണം.
ഷവർമയെ വിഷലിപ്തമാക്കാൻ ഒരു പ്രധാന കാരണം ഷവർമയിൽ കോളനി കൂട്ടി കഴിയുന്ന എഷറിക്കിയ കോളൈ (Escherichea coli) അഥവ ഈ.കോളൈ (E.Coli) എന്നയിനം ബാക്ടീരിയ ആണ്. കൂടാതെ സാൽമൊനെല്ല (Salmonella) ഇനത്തിൽപ്പെട്ട ബാക്ടീരിയയും ഉണ്ടാവും.
ഈ.കോളെ ദണ്ഡാകാര ഗ്രാം നെഗറ്റീവ് (gram negative ) എനറോബിക് ബാക്ടീരിയ (anaerobic bacteria) ആണ്. ആൾ അതി ഭീകരനാണ്. അതി ശക്തമായ വയറു വേദന, രക്തത്തോടെയുള്ള വയറിളക്കം, ഛർദ്ദി എന്നീ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. തുടർന്ന് വൃക്ക തകർന്ന് മരണവും.
സാൽമൊനെല്ല ദണ്ഡാകാര ഗ്രാം നെഗറ്റീവ് എനറോബിക് ബാക്ടീരിയയാണ്. അവ പനി, വയറു വേദന, വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നീ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. ശാസ്ത്രം ഇത്രയേറെ വളർന്നു. നമുക്ക് ഔഷധങ്ങൾ കൊണ്ട് ഈ രോഗാണുവിനെ തളച്ചു കൂടേ.
ഉവ്വ്. എന്നാൽ ബാക്ടീരിയയെ തളയ്ക്കുന്നതിനു മുമ്പ് തന്നെ അത് നമ്മെ കീഴ്പ്പെടുത്തും. ഒരു സംശയം. ഷവർമ കഴിച്ച ഏവർക്കും ആരോഗ്യ പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ.
അതെ. ദഹനേന്ദ്രിയ വ്യവസ്ഥയിൽ വേണ്ടത്ര രോഗ പ്രതിരോധ ശേഷി അഥവ ഇമ്യൂണിറ്റിയുള്ളവർ (immunity) അപകടപ്പെടുന്നില്ല. ബേക്കറി ഭക്ഷണങ്ങൾ ഉൾപ്പെടെ കൃത്രിമാഹാരങ്ങൾ തീറ്റിപ്പിച്ചു നാം നമ്മുടെ കുട്ടികളുടെ ഇമ്യൂണിറ്റി തകർത്തു കളയുകയാണ്.
ഓർക്കുക. ആരോഗ്യമാണ് ഏറ്റവും വലിയ ധനം. നമുക്ക് സമ്പത്തും ബുദ്ധിയും എത്ര തന്നെ ഉണ്ടായാലും ആരോഗ്യം ഇല്ലായെങ്കിൽ സന്തോഷത്തോടെ ജീവിക്കാനാവില്ല. രാഷ്ട്ര നിർമ്മിതിയിൽ ക്രിയാത്മകമായി പങ്കെടുക്കാനുമാവില്ല.
മാലിന്യ രഹിതമായ അനേകം ഭക്ഷണങ്ങൾ നമുക്ക് സ്വന്തമായുണ്ട്. അവ കഴിക്കാൻ നാം ശീലിക്കുക. പരിഷ്കാരത്തിന്റെ പേരിൽ സ്വന്തം കുഞ്ഞുങ്ങളെ വിഷ വിഭവം ശീലിപ്പിക്കാതിരിക്കുക. അഴുകിയതും പഴകിയതുമായ മാംസാഹാരങ്ങൾ ദയവായി ഒഴിവാക്കുക.
സ്വന്തം അടുക്കളയിൽ വിളയുന്ന കൊഴുക്കട്ടയേക്കാൾ ഒട്ടും മെച്ചമല്ല ബേക്കറിയിലോ ഹോട്ടലുകളിലോ മൊരിയുന്ന ആധുനിക പലഹാരമെന്ന് മനസിലാക്കാൻ ശ്രമിക്കുക. സ്വന്തം മക്കൾക്ക് നന്മ കാട്ടുന്നിടത്താണ് നാം നല്ല മാതാപിതാക്കളാവുന്നത് എന്ന തിരിച്ചറിവെങ്കിലും നമുക്ക് വേണം.
നമുക്ക് വലിയൊരു പ്രത്യേകതയുണ്ട്. രാഷ്ട്രത്തിന്റേതായ കാരണത്താൽ മാത്രമല്ല ഏതു കാരണത്താലും ഒരു വ്യക്തിക്ക് അപകടമുണ്ടാവുകയോ മരിയ്ക്കുകയോ ചെയ്താൽ നാം കരയാനും ചാനലിന്റെ ഉമ്മറപ്പടിയിലിരുന്ന് വലിയ വായിൽ പ്രതികരിക്കാനും തുടങ്ങും.
അടുത്തൊരു വിഷയമുണ്ടാകുവോളം വിലാപം തുടർന്നു കൊണ്ടേയിരിക്കും. അപ്പോഴും നടന്ന അപകടമോ മരണമോ ഉണ്ടായ കാരണം പരിഹരിക്കാതെ അവിടെ ശേഷിക്കും. ഇനിയും കരയുകയും പ്രതികരിക്കുകയും വേണമല്ലോ.
രുചി തേടിയുള്ള ഓട്ടം അവസാനിപ്പിക്കണം. പോഷക സമൃദ്ധമായ ലഭ്യമായ ഭക്ഷണങ്ങൾ ശീലിക്കുക. രുചി നാവിൻറേതാകയാൽ ശീലം കൊണ്ട് അത് മാറ്റിയെടുക്കാവുന്നതാണ്. കുട്ടികൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്വം പൂർണ്ണമായും മാതാപിതാക്കൾക്കാണ്. മാതാപിതാക്കൾ അക്കാര്യത്തിൽ വിവേക പൂർണവും പക്വവുമായ തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധിക്കണം.
പൊതുജനത്തെ ബോധവൽക്കരിക്കാനും ആരോഗ്യ ബോധമുള്ളവരായി തീർക്കാനുമുള്ള ഉത്തരവാദിത്വം ഭരണകൂടത്തിന്റേതാണ്. അതിലേക്ക് സ്വതന്ത്ര ബോധമുള്ള ആരോഗ്യ ശാസ്ത്രജ്ഞരുടെ സേവനം ഉപയോഗപ്പെടുത്തണം.
ഭക്ഷണം ശാസ്ത്രീയമായി സൂക്ഷിയ്ക്കാനും വിപണനം നടത്തുവാനും വേണ്ട പരിശീലനം കച്ചവടക്കാർക്കും തൊഴിലാളികൾക്കും നൽകേണ്ടതാണു്. അവർക്കും ശാസ്ത്രജ്ഞാനമാവാം. ഭക്ഷണശാലകളിൽ വിഷയത്തിൽ താൽപര്യവും അറിവുമുള്ള ആരോഗ്യ ബോധം സൂക്ഷിക്കുന്ന അധികൃതരുടെ സന്ദർശനം ഇടയ്ക്കിടെ വേണ്ടതാണ്. അതൊന്നും ചെറുകിട കച്ചവടക്കാരെയും തൊഴിലാളികളെയും നോവിക്കാനോ സ്വന്തം കീശ വീർപ്പിക്കാനോ വേണ്ടിയാവരുത്.
ഇതിലൊക്കെയുപരി ഒരു ഭക്ഷ്യ നയം രൂപപ്പെടുത്തണം. അതിലേയ്ക്കുള്ള മുറവിളികൾ ആവാം. അല്ലാത്ത പക്ഷം കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവരുടെ അലമുറയാവും കേൾക്കുക.
ഷവർമ ഒരു ഒറ്റപ്പെട്ട ശബ്ദമല്ല. അത്തരത്തിലുള്ള ഒരുപാട് ഭക്ഷണങ്ങളുടെ പര്യായ ശബ്ദമാണ്. ഷവർമ വിതച്ച മരണങ്ങൾക്ക് വരാനിരിക്കുന്ന ഭക്ഷ്യ മരണങ്ങളുടെ മണമുണ്ട്. നിദ്രയിൽ പോലും നമ്മെ ഭയപ്പെടുത്തുന്ന ഒരു അടയാളമായി അത് മാറാതിരിക്കട്ടെ.

Address

Parayam Veedu, Manjamala Po
Thiruvananthapuram
695313

Website

Alerts

Be the first to know and let us send you an email when Dr. Venu Thonnakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr. Venu Thonnakkal:

Shortcuts

Share