11/08/2026
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ 16 ദിന കാമ്പയിനും ‘ദൃശ്യം’ സംരംഭക പരിശീലന പദ്ധതിക്കും തുടക്കമായി
കാട്ടാക്കട: ദി ഡെയിൽ വ്യൂയുടെ പ്രോജക്ട് ഇക്വലിന്റെ നേതൃത്വത്തിൽ, ക്രിസ്ത്യൻ കോളേജ് കാട്ടാക്കടയുടെയും ഐ.സി.ഡി.എസ് വെള്ളനാടിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച "സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ 16 ദിന കാമ്പയിൻ" ഉദ്ഘാടനവും വനിതാ സംരംഭകർക്കായുള്ള ‘ദൃശ്യം’ പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും ക്രിസ്ത്യൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.
പരിപാടി കോളേജ് ക്വയറിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ദി ഡെയിൽ വ്യൂ ഡയറക്ടർ ദിപിൻ ദാസ് സി. എസ്. സ്വാഗതം ആശംസിച്ചു. ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. എ. എസ്. റൂബിൻ ജോസ് അധ്യക്ഷത വഹിച്ചു.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീമതി എസ്. അജീത ബീഗം ഐ.പി.എസ്. 16 ദിന കാമ്പയിനും വനിതാ സംരംഭകർക്കായുള്ള ‘ദൃശ്യം’ പരിശീലന പദ്ധതിക്കും ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് സമൂഹത്തിന്റെ കൂട്ടായ ഇടപെടലും അവബോധവും അനിവാര്യമാണെന്നും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലിംഗസമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണെന്നും അവർ പറഞ്ഞു.
പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അമല ടീച്ചർ, പൂവച്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷൈനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്ത്രീകളുടെ സുരക്ഷയും സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനുള്ള പ്രോജക്ട് ഇക്വലിന്റെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു.
വെള്ളനാട് സി.ഡി.പി.ഒ. ശ്രീമതി ലേഖ ആശംസകൾ നേർന്ന് സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതവും സമത്വപരവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സമൂഹത്തിന്റെയും പ്രാദേശിക സ്ഥാപനങ്ങളുടെയും പങ്ക് അവർ എടുത്തുപറഞ്ഞു.
പ്രോജക്ട് ഇക്വൽ പ്രോജക്ട് മാനേജർ ശ്രീമതി ശ്രീജ സുകുമാരൻ നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, ഐ.സി.ഡി.എസ് പ്രവർത്തകർ, വനിതാ കൂട്ടായ്മ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, സംരംഭകത്വ പരിശീലനത്തിൽ പങ്കെടുക്കുന്ന വനിതകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അസിം പ്രേംജി ഫൗണ്ടേഷന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന പ്രോജക്ട് ഇക്വൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അതിജീവിതർക്ക് കൗൺസിലിംഗ്, നിയമസഹായം, പ്രതിസന്ധി ഇടപെടൽ, പുനരധിവാസ പിന്തുണ എന്നിവ ഉറപ്പാക്കുന്നതിനും വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച ‘ദൃശ്യം’ പരിശീലന പദ്ധതി, സംരംഭകത്വ വികസനത്തിനും ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.