25/02/2019
മലയാളികള്‍ കര്‍ശനമായ തിരുത്തലുകള്‍ക്ക് തയ്യാറാവണം
ഡോ. ജോര്‍ജ്ജ് തയ്യില്‍
കേരളത്തിന്റെ വിശിഷ്ടമായ ആരോഗ്യമാതൃക അന്താരാഷ്ട്രതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കേരള സംസ്ഥാനം രൂപവത്കരിച്ചിട്ട് ആറ് ദശകങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. എന്നാല്‍ പ്രശംസകള്‍ ഏറ്റുവാങ്ങാന്‍ മാത്രം സമ്പന്നമാണോ കേരളത്തില്‍ ഈയടുത്തകാലത്ത് മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യസംസ്‌കാരം. പരിതാപകരമായ പല പാളിച്ചകളും കേരളീയരുടെ ആരോഗ്യസുരക്ഷക്ക് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ മുഖ്യമാണ് പകര്‍ച്ചവ്യാധികളും ജീവിത ശൈലീ രോഗങ്ങളും നിയന്ത്രണവിധേയമാക്കുന്നതിലുണ്ടായ പരാജയങ്ങള്‍. ഇതിനുള്ള പ്രധാന കാരണം ചികിത്സ മാത്രം പ്രാമുഖ്യം കൊടുക്കുന്ന ഒരു വികല ആരോഗ്യസംസ്‌കാരം കേരളത്തില്‍ വളര്‍ന്നുവരുന്നു എന്നതാണ്. ഭക്ഷണത്തേക്കാള്‍ മരുന്നിനു പണം ചെലവഴിക്കുന്നവരാണ് മലയാളികളെന്നാണ് ഈയിടെ നടന്ന ചില കണക്കെടുപ്പുകളുടെയും ഫലം. സമഗ്രവും സമ്പൂര്‍ണ്ണവുമായ ആരോഗ്യസംരക്ഷണത്തിന് വലിയ ഒരാശുപത്രിയും മികച്ച ഡോക്ടര്‍മാരും അടുത്തുണ്ടായാല്‍ മതി എന്നതാണ് ശരാശരി മലയാളിയുടെ ചിന്ത. ഈ വീക്ഷണഗതി ശരിയല്ല. ആശുപത്രിയുടെ വലുപ്പത്തിലും ഡോക്ടര്‍മാരുടെ ബിരുദത്തിലും അമിത വിശ്വാസം പുലര്‍ത്തുന്ന നാം കാതലായ പല അടിസ്ഥാന സത്യങ്ങളും കാണാതെ പോകുന്നു. ആരോഗ്യപരിപാലനത്തിന്റെ വേരുകള്‍ ചികിത്സയിലല്ല രോഗത്തിന്റെ സമൂലമായ പ്രതിരോധ പ്രക്രിയയിലാണ് തഴച്ചുവളരേണ്ടത്. പ്രത്യേകിച്ച് രോഗവും ചികിത്സയും കൊണ്ട് ദാരിദ്രത്തിലേക്ക് അധപതിച്ച കുടുംബങ്ങളുടെ കഥകള്‍ കൂടി കേള്‍ക്കുമ്പോള്‍ ഇതിന്റെ പൊരുള്‍ കൂടുതല്‍ വ്യക്തമാകുന്നു.
എത്രയൊക്കെ മികച്ച ചികിത്സ ലഭിച്ചാലും പല രോഗബാധകളില്‍ നിന്നും രക്ഷപ്രാപിക്കാന്‍ സാധ്യമല്ലെന്ന് ഈയടുത്തകാലത്തുണ്ടായ പനിബാധകളുടെ വ്യാപനകഥ നമ്മെ പഠിപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ മലയാളികളുടെ സ്വസ്ഥതകെടുത്തി. ജപ്പാന്‍ ജ്വരം, മസ്തിഷ്‌കജ്വരം, ഡെങ്കിപ്പനി, പന്നിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, എബോള തുടങ്ങി നിപ്പ ബാധവരെ നമ്മുടെ നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നിപ്പ വൈറസ് മലയാളിക്ക് ഒരു ഗുണപാഠം നല്‍കി. മനുഷ്യന്റെ ആരോഗ്യം അവന്‍ വസിക്കുന്ന മണ്ണിനോടും പരിസ്ഥിതിയോടും ചുറ്റുമുള്ള ജീവജാലങ്ങളോടും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അതില്‍ വിരാജിക്കുന്ന ജീവജാലങ്ങളുടെയും ആരോഗ്യവും സന്തുലിതാവസ്ഥയും മനുഷ്യാരോഗ്യത്തെ നിര്‍വ്വചിക്കുന്നു. അല്ലാതെ അവയെ നശിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തിന് അസ്ഥിത്വമില്ല. മലേഷ്യയില്‍ കാടുകള്‍ നശിപ്പിച്ചപ്പോഴാണ് വവ്വാലുകള്‍ ആഹാരം തേടി ജനവാസ കേന്ദ്രങ്ങളിലെത്തിച്ചേര്‍ന്നത്. അങ്ങനെ മനുഷ്യരില്‍ നിപ്പ പിടിപെട്ടു. പകര്‍ച്ചവ്യാധികള്‍ നമ്മുടെ നാട്ടില്‍ പടരുന്നത് ഇവിടത്തെ അനുകൂലമായ അവസ്ഥകൊണ്ടുതന്നെ. എപ്പോഴും രോഗം ഏറ്റുവാങ്ങാന്‍ സന്നദ്ധമാണ് കേരളം. വീടും മുറ്റവും മാത്രം മനോഹരമാക്കാന്‍ വ്യഗ്രതകാട്ടുന്ന മലയാളി പരിസ്ഥിതിയെയും സ്‌നേഹിച്ചു തുടങ്ങണം. ആരോഗ്യസൂചികയില്‍ ഒന്നാമത് നില്‍ക്കുന്ന സിങ്കപ്പൂര്‍ അവിടത്തെ ശുചിത്വാവസ്ഥകൊണ്ടു മാത്രമാണ് അത് സാധിച്ചെടുത്തത്.
പൊടിയും പുകമഞ്ഞും നിറഞ്ഞ് ശ്വാസം മുട്ടുന്ന ഡല്‍ഹിയുടെ ചിത്രം നാം കണ്ടുകൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ ജനിക്കുന്ന ശിശുക്കള്‍ ശ്വസിക്കുന്നത് 20 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ വിഷപ്പുകയാണെന്ന് വിദഗ്ധര്‍ പ്രസ്താവിക്കുന്നു. മലിനീകൃത ഡല്‍ഹി ഇന്ത്യയുടെ ഇതര നഗരങ്ങള്‍ക്കുള്ള താക്കീതാണ്. കേരളത്തിലെ വാഹനപ്പെരുപ്പവും പ്ലാസ്റ്റിക്കിന്റെ അമിത വിനിയോഗവും അന്തരീക്ഷ ഖരമാലിന്യങ്ങളുടെ ആധിക്യവും ഒരിക്കലും വൃത്തിയാകാത്ത ഓടകളും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പല പുതിയ രോഗങ്ങള്‍ക്കും വിത്തുകള്‍ പാകുന്നു. തൂവാലയും മാസ്‌കും കൊണ്ട് മുഖം മറച്ച് നടന്നുനീങ്ങുന്ന ആളുകള്‍ കൊച്ചി നഗരത്തില്‍ ഇപ്പോള്‍ പതിവുകാഴ്ചയാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ തുടങ്ങിയവ കൊച്ചിയിലെ കുട്ടികളില്‍ കൂടുതലായി കണ്ടുവരികയാണ്. ആഹാരപദാര്‍ത്ഥ ങ്ങളിലെ മായവും വിഷചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരുവലിയ പ്രശ്‌നം. മലയാളികളുടെ 'ഭക്ഷണഭ്രാന്ത്' മനസ്സിലാക്കിയ അയല്‍ സംസ്ഥാനക്കാര്‍ ആവുംവിധം വ്യാജന്മാരെ ഇങ്ങോട്ടിറക്കുമതിചെയ്യുന്നു. ഹോര്‍മോണ്‍ കുത്തിവച്ച കോഴി, ഫോര്‍മാലിനും അമോണിയയും കലര്‍ത്തിയ മത്സ്യം, കീടനാശിനികള്‍ വിതറിയ പഴങ്ങളും പച്ചക്കറികളും. മറ്റ് വിലകുറഞ്ഞ എണ്ണകള്‍ കലര്‍ത്തിയ വെളിച്ചെണ്ണ, കൃത്രിമപാല്‍, മായം കലര്‍ന്ന തേയിലപ്പൊടിയും അശുദ്ധമായ കുടിവെള്ളവും, അങ്ങനെ പോകുന്നു നീണ്ടപട്ടിക. ഇപ്രകാരം വിഷപൂരിതമായ വായുവും ജലവും ഭക്ഷണവും ഉള്‍ക്കൊണ്ട് അര്‍ബുദം മുതല്‍ ഹൃദ്രോഗം വരെ ഉണ്ടാകുന്നവര്‍ ആശുപത്രികളിലേക്ക് നെട്ടോട്ടമാണ്. ഇപ്പോള്‍ വീട്ടില്‍ ശുദ്ധഭക്ഷണം പാകപ്പെടുത്തി കഴിക്കുന്നതിന് മലയാളികള്‍ക്ക് മടിയോ കുറച്ചിലോ സംഭവിച്ചിട്ടുണ്ട്. സമയമില്ലെന്ന് പറയുന്നത് സത്യമല്ല. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണമുണ്ടാക്കാന്‍ സമയമില്ലെങ്കില്‍ പിന്നെന്ത് ജീവിതം?
ലേഖനം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://arogyappachamasika.blogspot.com/2019/02/blog-post_25.html